ഇരുളകറ്റി ഒളിംപിക്സ് ലക്ഷ്യത്തിലേക്ക് പന്തുതട്ടാന്‍ അവര്‍ ഒരുങ്ങുന്നു
കൊച്ചി: ഫല്ഹാന്റെയും പങ്കജ് റാണയുടെയുമൊക്കെ സ്വപ്നങ്ങളില്‍ ലോക ഒളിംപിക്സിലെ കാല്പന്ത് മൈതാനമാണ്. ലോക പാരാലിംപിക്സില്‍ ഇന്ത്യന്‍ ജഴ്സിയില്‍ പന്തുതട്ടുക. ഇരുട്ടിനെ വകഞ്ഞുമാറ്റി അകക്കണ്ണിന്റെ കാഴ്ചയില്‍ പന്തിന് പിന്നാലെ പായുന്ന ഫല്ഹാനെയും പങ്കജിനെയും പോലുള്ള താരങ്ങളെ ഒളിംപിക്സ് സ്വപ്നങ്ങളിലേക്ക് പ്രാപ്തരാക്കാന്‍ രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫുട്ബോള്‍ അക്കാദമി കൊച്ചിയില്‍ ഒരുങ്ങി.
ഇന്ത്യന്‍ പാരാലിംപിക്സ് കമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് കീഴിലാണ് ഫുട്ബോള്‍ ട്രെയിനിങ് അക്കാദമി തുടങ്ങുന്നത്. രാജ്യാന്തര നിലവാരത്തില്‍ കളിക്കളവും, പരിശീലനവും താമസവും ഉള്‍പ്പടെ സൗകര്യങ്ങള്‍ അക്കാദമിയില്‍ ഒരുക്കിയിട്ടുണ്ട്. പത്ത് താരങ്ങളാണ് നിലവില്‍ അക്കാദമിയില്‍ പ്രവേശനം നേടിയിട്ടുള്ളത്. അക്കാദമിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാംപിലേക്ക് 35 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബ്ലൈന്‍ഡ് ഫുട്ബോള്‍ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കടവന്ത്ര വൈറ്റില ബണ്ട് റോഡിലുള്ള ജോഗോ ഫുട്ബോള്‍ അരീനയില്‍ നടക്കും. ലോക ബ്ലൈന്‍ഡ് ഫുട്ബോള്‍ ചെയര്മാന് ജര്‍മനിയില്‍ നിന്നുള്ള ഉള്‍റിക്ക് ഫിസ്റ്റര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തെ ബ്ലൈന്‍ഡ് ഫുട്ബോള്‍ അക്കാദമിയിലേക്കുള്ള ആദ്യ അംഗത്വം കേരളത്തില്‍ നിന്നുള്ള ദേശീയ താരം ഫല്ഹാന് നല്കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സ്പോര്‍ടിങ് ഡയറക്ടറും ദേശീയ പരിശീലകനുമായ സുനില്‍ ജെ. മാത്യു, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ, എസ്.ആര്.വി.സി പ്രൊജക്ട് ഡയറക്ടര്‍ എം.സി റോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."