ഇറാഖില്‍ ഐ.എസിന്റെ ഇരട്ട ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖില്‍ ഇരട്ട ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ ഇറാഖിലെ നാസിറിയ്യ പട്ടണത്തിനടുത്താണ് വെടിവയ്പ്പും കാര്‍ ബോംബ് ആക്രമണവും നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ഇന്നലെ രാത്രി ദീ ഖാര്‍ പ്രവിശ്യയിലെ റെസ്റ്റൊറന്റിലും പൊലിസ് ചെക്ക്‌പോയിന്റിലുമാണ് ഭീകരമായ ആക്രമണം നടന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ബഗ്ദാദുമായി നാസിറിയ്യയെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് സംഭവം. പാതയോരത്തെ റെസ്റ്റൊറന്റില്‍ മുഖംമൂടി ധരിച്ചെത്തിയ ഭീകരന്‍ ഇവിടെയുണ്ടായിരുന്നവര്‍ക്കെതിരേ നിറയൊഴിക്കുകയായിരുന്നു. ഇതിനു തൊട്ടുപിറകെ സ്‌ഫോടകവസ്തുക്കളുമായെത്തിയ കാര്‍ സമീപത്തുള്ള പൊലിസ് ചെക്ക്‌പോയിന്റിലെത്തി പൊട്ടിത്തെറിക്കുകയും ചെയ്തു.
ഇരു ആക്രമണങ്ങളിലുമായി മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റ പലരുടെയും സ്ഥിതി അതീവ ഗുരുതരമാണ്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗം പേരും ഈ സമയത്ത് റെസ്റ്റൊറന്റിലുണ്ടായിരുന്ന ഇറാനിയന്‍ സന്ദര്‍ശകരാണെന്ന് ദീ ഖാര്‍ ഗവര്‍ണര്‍ യഹ്‌യ അല്‍ നാസിരി പറഞ്ഞു. ശീഈ ഭൂരിപക്ഷ പ്രദേശമാണ് ദീ ഖാര്‍. ബഗ്ദാദില്‍നിന്ന് 320 കി.മീറ്റര്‍ തെക്കുകിഴക്കു ഭാഗത്താണ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്.
ആമാഖ് വെബ്‌സൈറ്റിലൂടെയാണ് ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തത്. രാജ്യത്ത് അടിക്കടി തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണു ചാവേര്‍ ആക്രമണം. രാജ്യത്ത് ഐ.എസിന്റെ ശക്തികേന്ദ്രങ്ങളായ മൗസിലും മറ്റു ഭാഗങ്ങളുമെല്ലാം ഇറാഖി സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."