യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവം: മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാളിപറമ്പില്‍ കഴിഞ്ഞ ദിവസം യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കിണര്‍ വറ്റിച്ചാണ് പൊലിസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്. പരിശോധനയില്‍ രമേശിന്റെ മൊബൈല്‍ ഫോണും ഇയാള്‍ ഉടുത്തിരുന്ന മുണ്ടും മൂന്ന് അന്‍പത് രൂപയുടെ നോട്ടുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ താമരശേരി സി.ഐ അഗസ്റ്റിന്‍, മുക്കം അഡിഷണല്‍ എസ്.ഐ ജോയി, പൊലിസ് ഉദ്യോഗസ്ഥരായ സലീം, ശ്രീജേഷ്, വിരലടയാള വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് അന്വേഷണത്തിന് ഏറെ സഹായകമാകും. ഈ ഫോണിലേക്കു വിളിച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ രമേശിനെ വീട്ടില്‍നിന്നിറക്കി കടവരാന്തയിലിട്ട് കുത്തിയശേഷം കിണറ്റില്‍ തള്ളിയത്. വയറിനും കഴുത്തിനും സാരമായി പരുക്കേറ്റ രമേശ് അടിയന്തര ശസ്ത്രക്രിയക്കുശേഷം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
സംഭവം നടന്ന കാരാളിപറമ്പിലെ കടവരാന്തയില്‍ രക്തം തളം കെട്ടിക്കിടന്നിരുന്നു. കിണറ്റില്‍ തള്ളിയ രമേശിന്റെ കഴുത്തിലേറ്റ മുറിവിലൂടെ വെള്ളം ഇറങ്ങാതിരുന്നതാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായത്. അഞ്ചു മണിക്കൂറോളം ഇയാള്‍ കിണറ്റില്‍ കഴിച്ചുകൂട്ടിയിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റതിനെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ രമേശിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."