പുല്ലൂര്‍ പെരിയയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ വ്യാപക അക്രമം
പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസിനും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ പരക്കെ ആക്രമം. കോണ്‍ഗ്രസിന്റെ പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റി ഓഫിസിനു തീയിട്ടു ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനു നേരെയും പെരിയ കല്യോട്ടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫിസിനു നേരെയും അക്രമമുണ്ടായി. അക്രമം നടന്ന പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തി. അക്രമങ്ങള്‍ക്കു പിറകില്‍ സി.പി.എമ്മാണെന്നു കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
പുല്ലൂര്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു തീയിട്ട ശേഷം ഓഫിസിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്തു. ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തു പുറത്തേക്കു വലിച്ചെറിഞ്ഞു.
പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനു നേരെയുണ്ടായ ആക്രമണത്തില്‍ ക്ലബിന്റെ ജനല്‍ ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. ക്ലബിനു സമീപത്തെ കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണു കോണ്‍ഗ്രസ് ഓഫിസിനും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരേ സംഘമാണ് അക്രമണങ്ങള്‍ക്കു പിറകിലെന്നാണു സൂചന.
ഒരാഴ്ച മുമ്പ് പെരിയക്കടുത്ത ചാലിങ്കാലില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സ്മാരക മന്ദിരത്തിന്റെ ജനല്‍ ചില്ലുകള്‍ രാത്രി ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അമ്പലത്തറ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് സമീപ പ്രദേശങ്ങളില്‍ വീണ്ടും സമാനമായ ആക്രമണങ്ങളുണ്ടായത്. പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."