പൊലിസുകാര്‍ക്കും തൊഴിലാളികള്‍ക്കും പരുക്ക്: കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം
കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പൊലിസുകാര്‍ക്കും ഏതാനും തൊഴിലാളികള്‍ക്കും പുതിയ കരാറുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്നു പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരേ കൊണ്ടോട്ടി പൊലിസ് കേസെടുത്തു.
ജൂനിയര്‍ എസ്.ഐ ജയപ്രസാദ്, സിവില്‍ പൊലിസ് ഓഫിസര്‍ മുഹമ്മദ് ബഷീര്‍, തൊഴിലാളികള്‍, കരാറുകാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഹൈക്കോടതി വിധിപ്രകാരം പൊലിസ് സംരക്ഷണത്തില്‍ പുതിയ കരാറുകാര്‍ കച്ചവടം നടത്താന്‍ എത്തിയതോടെയാണ് സംഘര്‍ഷം നടന്നത്. പുതിയ കരാറുകാര്‍ കച്ചവടം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം തൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമായതോടെയാണ്് പൊലിസ് ഇടപ്പെട്ടത്. സംഘര്‍ഷത്തിനിടെ പൊലിസ് ലാത്തി വീശി.
മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റ് നടത്തിപ്പ് ഈ വര്‍ഷം പുതിയ കരാറുകാര്‍ ലേലത്തില്‍ വിളിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പഴയ കരാറുകാരുടെ സ്ഥലത്തെ മലിനജല ശുദ്ധീകരണശാല ഉപയോഗിക്കാന്‍ പുതിയ കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. പുതിയ ശുദ്ധീകരണശാല നിര്‍മിക്കാനും കരാറുകാര്‍ക്കായില്ല. ഇതോടെയാണ് നടത്തിപ്പ് പുതിയ സംഘത്തിനു പ്രതിസന്ധിയായത്.
നഗരസഭയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ നിരവധി തവണ സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. നിയമപ്രകാരം ലേലത്തില്‍ വിളിച്ചെടുത്തിട്ടും കച്ചവടം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ച് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്. മാര്‍ക്കറ്റ് ലേലത്തില്‍ വിളിച്ചവര്‍ ഗുണ്ടകളെ വരുത്തി പൊലിസ് സഹായത്തോടെ അക്രമം നടത്തുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് തൊഴിലാളി യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."