ഇടപ്പള്ളി-മൂത്തകുന്നം പാതയുടെ നിര്‍മാണത്തിനായുള്ള രൂപരേഖ അവതരിപ്പിച്ചു
കാക്കനാട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ഭാഗത്തെ പാതയുടെ നിര്‍മാണത്തിനായുള്ള രൂപരേഖ ജനപ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ വി.ഡി സതീശന്‍, ഹൈബി ഈഡന്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്.
25 കിലോമീറ്റര്‍ ദൂരമുള്ള ഹൈവേയില്‍ 18 ഫ്‌ളൈ ഓവറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചേരാനെല്ലൂര്‍ ജങ്ഷനില്‍ നൂതന മാതൃകയിലുള്ള സിഗ്‌നല്‍ രഹിത സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ മെട്രോയും മേല്‍പാലവും കടന്നു പോകുന്ന ഇടപ്പള്ളിയില്‍ അണ്ടര്‍പാസ് വഴിയാകും പാത കടന്നുപോകുന്നത്. വീടുകളും കടമുറികളും മറ്റു സ്ഥാപനങ്ങളുമടക്കം 500 ഓളം കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് എം.എല്‍.എമാര്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന ദേശീയ പാത 17ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിംഗ് ഏജന്‍സിയാണ് സാധ്യത പഠനം നടത്തുന്നത്. പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ്, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ആന്റണി തുടങ്ങിയ ജനപ്രതിനിധികളും അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, എ.ഡി.എം എം.പി ജോസ്, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."