കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തടഞ്ഞു പ്രതിഷേധവുമായി നാട്ടുകാര്‍
പറവൂര്‍: ദേശിയ പാത പതിനേഴില്‍ കണ്ണന്‍കുളങ്ങര ബാവ പള്ളിക്ക് സമീപം റോഡില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപണികള്‍ നടത്തി കൊണ്ടിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരെ പൊതുമരാമത്ത് അധികൃതരെത്തി തടഞ്ഞതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലേക്ക് പോകുന്ന ശുദ്ധജല പൈപ്പ് കഴിഞ്ഞ ദിവസമാണ് പൊട്ടിയത്.
നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള 400 എം എം പ്രിമോ പൈപ്പ് വട്ടം പൊട്ടിയതിനെ തുടര്‍ന്ന് വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുന്ന അവസ്ഥയിലായിരുന്നു.
ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കാനുള്ള ശ്രമാകരമായ ജോലി നടത്തി കൊണ്ടിരിക്കുന്നതിനിടെ സംഭവസ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് പറവൂര്‍ സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ നിര്‍മാണ പ്രവത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് അറ്റകുറ്റപണികള്‍ നിര്‍ത്തിച്ചത്.
അതേ സമയം രേഖാമൂലം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച ശേഷമാണ് ജോലികള്‍ ആരംഭിച്ചതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ സി.പി.എം ഏരിയാ സെക്രട്ടറി ടി.ജി അശോകന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിര്‍മാണപ്രവൃത്തികള്‍ പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."