ജപ്പാനു മുകളില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും
സോള്‍: ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പറത്തി. ഉത്തര പ്യോങ്യാങിലെ സുനാന്‍ വ്യോമത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈലുകള്‍ സഞ്ചരിക്കാന്‍ മിസൈല്‍ 17 മിനുട്ടെടുത്തു.
വെളളിയാഴ്ച ഉത്തരകൊറിയന്‍ സമയം 6.30നായിരുന്നു മിസൈല്‍ പറത്തിയത്. ജപ്പാനെതിരെ ഭീഷണി മുഴക്കിയതിന് തൊട്ടു പിന്നാലെയാണ് കൊറിയയുടെ നടപടി. ജപ്പാനിലെ നാല് പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഭീഷണി മുഴക്കിരുന്നു.
കഴിഞ്ഞ മാസം 29നും സമാനരീതിയില്‍ ഹൊക്കൈഡോക്ക് മുകളിലൂടെ അവര്‍ മിസൈല്‍ പറത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഈ മാസം ആദ്യം അവര്‍ ആണവ പരീക്ഷണവും നടത്തിയിരുന്നു.
മിസൈല്‍ പറന്നുയര്‍ന്ന ഉടന്‍ ജപ്പാനില്‍ ഉച്ചഭാഷിണിയിലൂടെയും എസ്.എം.എസ് വഴിയും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടണമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംശയാസ്പദമായ രീതിയില്‍ കാണുന്ന വസ്തുക്കളെ സമീപിക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്തരകൊറിയ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ നോക്കിയിരിക്കിക്കില്ലെന്ന് ജപ്പാന്‍ ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ പ്രതികരിച്ചു. എന്തു പ്രതിസന്ധിയും നേരിടാന്‍ സജ്ജമാവണമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും തമ്മില്‍ ചര്‍ച്ച നടത്തി.
ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന്റെ പത്തിരട്ടി പ്രഹരശേഷിയുള്ള (160 കിലോ ടണ്‍) ബോംബാണ് ഈ മാസം മൂന്നിന് ഉത്തരകൊറിയ പരീക്ഷിച്ചത്. ഇത് അവര്‍ക്കെതിരെ പുതിയ ഉപരോധം കൊണ്ടുവരാന്‍ കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."