എങ്ങുമെത്താതെ മാര്‍ക്കറ്റ് നവീകരണം
കൊടുവായൂര്‍: കൊടുവായൂര്‍ മാര്‍ക്കറ്റ് നവീകരണം എവിടേയുമെത്തിയില്ല കച്ചടക്കാര്‍ ദുരിതത്തില്‍. ഇരുപത് ലക്ഷത്തോളം രൂപയുടെ വികസന പദ്ധതികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചെങ്കിലും വര്‍ഷങ്ങളായും കൊടുവായൂര്‍ മാര്‍ക്കറ്റിന്റെ ദുരവസ്ഥ മാറ്റുവാന്‍ സാധിക്കാത്തത് വ്യാപാരികളെയും ചെറുകിട കച്ചവടക്കാരേയും ദുരിതത്തിലാക്കി.
മുപ്പതിലധികം പച്ചക്കറി മൊത്ത വില്‍പനക്കാര്‍ ഉണ്ടായിരുന്ന കൊടുവായൂര്‍ മാര്‍ക്കറ്റില്‍ കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലായതോടെ കച്ചവടക്കാര്‍ ഒഴിഞ്ഞുപോവുകയും സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറുകയുമാണുണ്ടായത്. ചിറ്റൂര്‍ താലൂക്കിലെ എറ്റവും വലിയ പച്ചക്കറി വിപണന കേന്ദ്രമായ കൊടുവായൂരില്‍ പച്ചക്കറി വിപണനത്തിനായി നവീകരിച്ച് വ്യാപാര സമുച്ഛയം സ്ഥാപിക്കണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിക്കാത്തതും പ്രതിസന്ധികള്‍ക്ക് ഇടയാക്കി.
നിലവിലെ തകര്‍ന്ന പച്ചക്കറി മാര്‍ക്കറ്റില്‍ ജീര്‍ണാവസ്ഥയിലുള്ള പൊതുകിണര്‍ ശുചീകരിക്കുവാന്‍ പോലും പഞ്ചായത്തിന് സാധിക്കാത്തതിനാല്‍ കൊടുവായൂര്‍ ടൗണിലെ വ്യാപാരികള്‍ക്ക് കുടിവെള്ളത്തിന് ഏക ആശ്രയമായിരുന്ന പൊതുകിണറും നിലവില്‍ നോക്കുകുത്തിയായി.
കൊടുവായൂര്‍ പച്ചക്കറി വ്യാപാര കേന്ദ്രത്തില്‍ ദുരവസ്ഥ പരിഹരിക്കാന്‍ ത്രിതല പഞ്ചായത്ത് ഭരണ സമിതികള്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."