വി.ഐ.പി സുരക്ഷ കൂട്ടി കൂട്ടി 475 ലെത്തി; നേരത്തെയുണ്ടായിരുന്നത് 350 പേര്‍ക്ക്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നത് 475 വി.ഐ.പികള്‍ക്ക്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 350 പേര്‍ക്കാണ് വി.ഐ.പി സുരക്ഷയൊരുക്കിയിരുന്നത്. വി.ഐ.പി സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ സുരക്ഷയൊരുക്കുന്നത് എക്കാലത്തെയും ഉയര്‍ന്ന ആളുകള്‍ക്കാണ്. ഇതില്‍ രാഷ്ട്രീയ നേതാക്കള്‍, അവരുടെ മക്കള്‍, സ്വാമിമാര്‍, മത നേതാക്കള്‍ എന്നിവര്‍ പെടുന്നു.
ബിഹാറിലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് രണ്ട് സുരക്ഷയാണ് ഒന്നിച്ചു ലഭിക്കുന്നത്. രാജ്യത്തെ ഉന്നത സുരക്ഷയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി), പാരാമിലിട്ടറി സി.ആര്‍.പി.എഫ് എന്നീ സുരക്ഷയാണുള്ളത്. ഇതില്‍ എന്‍.എസ്.ജി സുരക്ഷ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. ചിലര്‍ രണ്ട് സുരക്ഷാ വലയത്തിലാണെന്നും അവരുടെ എന്‍.എസ്.ജി സുരക്ഷ നീക്കുമെന്നും കേന്ദ്ര മന്ത്രാലയം ഓഫിസര്‍ പറഞ്ഞു.
മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, ഡി.എം.കെ മേധാവി എം കരുണാനിധി എന്നിവര്‍ക്കും എന്‍.എസ്.ജി സുരക്ഷയുണ്ട്. ഇവര്‍ക്കെല്ലാം ഉന്നതമായ ഇസെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. രാജ്യത്ത് 50 പേര്‍ക്കാണ് ഈ സുരക്ഷ നല്‍കിയിരിക്കുന്നത്. 35- 40 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവര്‍ക്കായി അനുവദിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 26 പേര്‍ക്കു മാത്രമാണ് ഈ സുരക്ഷയുണ്ടായിരുന്നത്.
ബാബാ രാംദേവിന് ബി.ജെ.പി സര്‍ക്കാരാണ് അതീവ സുരക്ഷയൊരുക്കിയത്. 30 പേരാണ് ബാബയ്ക്കുള്ളത്. മാതാ അമൃതാനന്ദമയിക്കും ഇസെഡ് സുരക്ഷയാണുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മകന്‍ അടക്കം രാഷ്ട്രീയക്കാരുടെ 15 മക്കള്‍ക്ക് എന്‍.എസ്.ജി സുരക്ഷയുണ്ട്. രാജ്‌നാഥിന്റെ മകന്‍ പങ്കജ് സിങിനാണ് ഈ സുരക്ഷയുള്ളത്.
75 വി.വി.ഐ.പികള്‍ക്ക് സി.ആര്‍.പി.എഫാണ് സുരക്ഷയൊരുക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവര്‍ക്ക് സി.ആര്‍.പി.എഫിന്റെ സുരക്ഷയാണുള്ളത്.
വ്യവസായി മുകേഷ് അംബാനിക്ക് നല്‍കുന്ന ഇസെഡ് കാറ്റഗറി സുരക്ഷയ്ക്കും ഭാര്യ നിതാ അംബാനിക്ക് നല്‍കുന്ന വൈ കാറ്റഗറി സുരക്ഷയ്ക്കും അവര്‍ തന്നെയാണ് പണം ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."