മുരുകന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരിച്ച കേസില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡോ. ശ്രീകാന്ത് വലസപ്പള്ളി, ഡോ പാട്രിക് പോള്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ ഇരു ഡോക്ടര്‍മാരും കേസില്‍ പ്രതിയല്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. തുടര്‍ന്നാണ് നിലവിലുള്ള സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് അര്‍ധരാത്രിയോടെയാണ് മുരുകനെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിച്ചത്.
ചികിത്സ നല്കുന്നതില് തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ലെന്നും ഇവരുടെ ഹരജിയില്‍ പറയുന്നു. മുരുകന് മരിച്ച സംഭവത്തില്‍ ആറ് ആശുപത്രികള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് പൊതു ജനങ്ങളെയും രാഷ്ട്രീയക്കാരെയും തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തങ്ങളെ അറസ്റ്റു ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്നാണ് ഹരജിയിലെ വാദം. ഹരജി ഹൈക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."