കടകള്‍ ഒഴിപ്പിക്കുന്നത് വൈകിയാല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍
കൊച്ചി: അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട കൊച്ചിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഫിഫ. സ്റ്റേഡിയത്തിലെ കടകളും ഓഫിസുകളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ല. വ്യാപാരികളും ജി.സി.ഡി.എയും തമ്മിലാണ് വിഷയം. ലോകകപ്പിന് സ്റ്റേഡിയം ഉപയോഗിക്കുന്നതിന് ജി.സി.ഡി.എയുമായി കരാറുണ്ട്. മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാമെന്ന് സര്‍ക്കാരും ജി.സി.ഡി.എയും ഉറപ്പ് നല്‍കിയിട്ടുളളതാണെന്നും ഫിഫ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൊച്ചി : ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നത് സുരക്ഷാ കാരണങ്ങളാലാണെന്നും ഇത് നിയമ വിരുദ്ധമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 25 വരെ സ്റ്റേഡിയത്തിലെ കടകളും ഓഫിസുകളും പൂട്ടണമെന്ന നോട്ടിസ് ചോദ്യം ചെയ്ത് എറണാകുളം ചങ്ങമ്പുഴ നഗറിലെ വി രാമചന്ദ്രന്‍ നായര്‍ അടക്കം 44 കടയുടമകള്‍ നല്‍കിയ ഹരജിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.
കടകള്‍ ഒഴിയാന്‍ സെപ്തംബര്‍ 25 വരെ സമയം നല്‍കിയെന്ന് ജി.സി.ഡി.എ (വിശാല കൊച്ചി വികസന അതോറിറ്റി) വാദിച്ചു. എന്നാല്‍ കടകള്‍ പൂട്ടിയിട്ടാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരില്ലേയെന്നും നോട്ടിസ് പ്രകാരം കടയുടമകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ കമ്മിറ്റിയെ നിയോഗിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. അതേസമയം രാജ്യാന്തര മത്സരത്തിനൊപ്പം കടയുടമകളുടെ ഉപജീവനവും സംരക്ഷിക്കേണ്ടതല്ലേയെന്നും പകരം എന്ത് സംവിധാനം ഒരുക്കാനാകുമെന്നും ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. തുടര്‍ന്ന് ഹരജി കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റി.
അതിനിടെ കടകള്‍ ഒഴിപ്പിക്കാന്‍ വൈകിയാല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കി. താത്കാലികമായി കടകള്‍ ഒഴിയാനാണ് നിര്‍ദേശിച്ചത്. കരാര്‍ അനുസരിച്ച് മത്സരങ്ങള്‍ക്ക് വളരെ മുന്‍പ് തന്നെ സ്റ്റേഡിയം ഫിഫക്ക് കൈമാറണം. കളിക്കാരുടെയും കാണികളുടെയും ഒഫിഷ്യലുകളുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനുണ്ട്. സ്റ്റേഡിയം കോംപ്ലക്‌സില്‍ പാചകവാതകം അടക്കമുള്ളവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് കാണികള്‍ക്കും കളിക്കാര്‍ക്കും ഭീഷണിയാണ്.
കായിക വികസനത്തിനുള്ള ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് വേണ്ടിയാണ് സ്റ്റേഡിയം നിര്‍മിച്ചത്. ഫിഫയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്താരാഷ്ട്ര മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമാകും. വ്യക്തികളുടെ ബുദ്ധിമുട്ടിനും മേലെയാണ് പൊതുതാത്പര്യമെന്നും തദ്ദേശ ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.എസ് ശ്രീകല നല്‍കിയ മറുപടിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."