സുപ്രഭാതത്തിന് സ്വാഗതമോതി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം
ദോഹ: നാലാംപിറന്നാളോടെ പ്രവാസികളുടെ ലോകത്തെത്താന്‍ പോകുന്ന മലയാളികളുടെ സുപ്രഭാതത്തിന് സ്വാഗതമോതി ഖത്തര്‍ ഭരണകൂടം. സുപ്രഭാതം ഖത്തര്‍ എഡിഷന് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജന സമ്പര്‍ക്കവിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത അറിയിച്ചു.
ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കു ഖത്തര്‍ ആഭ്യന്തരമന്ത്രാലയ ആസ്ഥാനത്തു നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ബ്രിഗേഡിയര്‍ അല്‍ മുഫ്ത ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തര്‍ സര്‍ക്കാറിന്റെ, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്തകളും സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങളും മറ്റു നിയമങ്ങളും ഖത്തറിന്റെ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന മലയാളിപ്രവാസികള്‍ക്കിടയില്‍ എത്തിക്കുന്നതിനും മന്ത്രാലയത്തെ മലയാളിസമൂഹവുമായി ചേര്‍ത്തുനിര്‍ത്തുന്നതിനും സുപ്രഭാതത്തിനു ക്രിയാത്മകമായ പങ്കു വഹിക്കാനാകട്ടെയെന്ന് അല്‍ മുഫ്ത ആശംസിച്ചു. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍സമൂഹത്തിന്റെ കഠിനാധ്വാനത്തെയും നിയമപാലനത്തെയും അല്‍ മുഫ്ത പ്രശംസിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിലും പുറത്തും നടത്തുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക, മതപ്രവര്‍ത്തനങ്ങളെയും നവോത്ഥാന ശ്രമങ്ങളെയും ജിഫ്‌രി തങ്ങള്‍ ബ്രിഗേഡിയര്‍ക്കു വിശദീകരിച്ചുകൊടുത്തു. പതിനായിരത്തോളം പ്രാഥമിക മദ്‌റസകളും ആയിരത്തോളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങുന്ന സമസ്തയുടെ പ്രവര്‍ത്തനത്തിനു ഖത്തറിലെയും മറ്റു രാജ്യങ്ങളിലെയും മലയാളി പ്രവാസി സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയും സഹായങ്ങളും വലിയ മുതല്‍ക്കൂട്ടാണെന്നു തങ്ങള്‍ പറഞ്ഞു.
ഖത്തറില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക്, പ്രത്യേകിച്ചു മലയാളികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പരിഗണനയും സ്‌നേഹവും കേരളത്തില്‍നിന്നുതന്നെ വളരെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവയെ ഏറെ വിലമതിക്കുന്നുവെന്നും അതിനു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെയും ഖത്തര്‍ സര്‍ക്കാറിനെയും അഭിനന്ദിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായതില്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത സന്തോഷം രേഖപ്പെടുത്തി. കേരളം സന്ദര്‍ശിക്കാനുള്ള തങ്ങളുടെ ക്ഷണം സ്വീകരിക്കുന്നതായും അറിയിച്ചു. ബിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത തങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ആഭ്യന്തരമന്ത്രാലയം കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫിസ് കോ-ഓഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവി പട്ടാമ്പിയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."