പുറത്തുവന്ന സത്യവാങ്മൂലം അപൂര്‍ണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മ്യാന്‍മര്‍ ബുദ്ധവംശീയ ഭീകരരുടെയും പട്ടാളത്തിന്റെയും ക്രൂരതയില്‍നിന്നു രക്ഷതേടിയെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കുമെന്ന കണ്ണില്‍ചോരയില്ലാത്ത നിലപാടു മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നതായി സൂചന. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശകമ്മിഷനും രാജ്യത്തെ മതേതരവാദികളും അതിശക്തമായ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഗതികെട്ട ഈ നയംമാറ്റനീക്കം. റോഹിംഗ്യകളെ തിരിച്ചയച്ചേ തീരൂ എന്ന രൂപത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലം അഴിച്ചുപണിയുമെന്നാണ് അറിയുന്നത്.
ഇന്ത്യയില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും അവര്‍ ഐ.എസുമായി സഹകരിച്ചു കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നുമുള്ള സത്യവാങ്മൂലമാണു കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിരുന്നത്. ഈ നിലപാടു കടുത്തവിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയതോടെ അന്നു രാത്രി തന്നെ സര്‍ക്കാര്‍ മലക്കം മറിഞ്ഞു.
സത്യവാങ്മൂലത്തിലെ യഥാര്‍ഥ ഉള്ളടക്കമല്ല വാര്‍ത്തയായതെന്നും കരടുസത്യവാങ്മൂലം മാത്രമാണു തയാറായതെന്നും അറിയിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പു സഹമന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നു. സത്യവാങ്മൂലം അപൂര്‍ണമാണ്. അശ്രദ്ധമൂലമാണു സത്യവാങ്മൂലം പരസ്യമായത്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.
മ്യാന്‍മറില്‍ നടക്കുന്നത് ക്രൂരമായ വംശഹത്യയാണെന്നു ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷനലുമൊക്കെ ആരോപിക്കുകയും മ്യാന്‍മര്‍ ഭരണകൂടത്തിനെതിരേ അതിനിശിതമായ നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ഇരട്ടത്താപ്പും ഒളിച്ചുകളിയും തുറന്നുകാട്ടപ്പെടുമെന്ന ഘട്ടംവന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മലക്കംമറിയല്‍ എന്നാണ് അറിയുന്നത്. അതേസമയം, സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഉള്ളടക്കമെന്തായാലുംസത്യവാങ്മൂലം തിങ്കളാഴ്ച സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്നു മാത്രമാണ് ആഭ്യന്തരവകുപ്പു മന്ത്രി രാജ്‌നാഥ്‌സിങ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞത്.
അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അതെല്ലാം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുമെന്നു രാജ്‌നാഥ് മറുപടി നല്‍കി.
അഭയം ഹിന്ദു റോഹിംഗ്യകള്‍ക്കു മാത്രം മതിയെന്നു ഗോവിന്ദാചാര്യ
ന്യൂഡല്‍ഹി: മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ഹിന്ദുക്കള്‍ മാത്രം മതി ഇവിടെയെന്ന് ആര്‍.എസ്.എസിന്റെ പഴയകാല താത്വികാചാര്യന്‍ ഗോവിന്ദാചാര്യ.
ഹിന്ദുക്കള്‍ക്കു പോവാന്‍ മറ്റൊരിടമില്ല. ഹിന്ദു റോഹിംഗ്യകള്‍ മാനസികമായും ആശയപരമായും ഈ മണ്ണിനോടു യോജിപ്പുള്ളവരാണ്.
അവരെ മറ്റുള്ള റോഹിംഗ്യകളെപ്പോലെ കാണാനാവില്ലെന്നും അദ്ദേഹം സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."