സുപ്രഭാതം നിഷ്പക്ഷമല്ല
സര്‍വലോകരക്ഷിതാവായ നാഥന് സ്തുതി. സുപ്രഭാതം നാലാം വര്‍ഷത്തേക്ക് കടക്കുകയാണ്. മതസൗഹാര്‍ദത്തിന്റെ കാവലാളായി, സമുദായ ഐക്യത്തിന്റെ കൊടിപിടിച്ച്, സാമൂഹിക നവോഥാനത്തിന് നേതൃത്വം നല്‍കി ഒരു ജനതക്ക് വഴികാട്ടിയാവാന്‍ ഈ കുറഞ്ഞ സമയംകൊണ്ട് ഒരു പരിധിവരെ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ട്.
ജനാധിപത്യത്തിന്റെ മുഖത്ത് കരിമഷി പ്രയോഗം നടത്തുന്ന, അസഹിഷ്ണുത പത്തിവിടര്‍ത്തിയാടുന്ന, വിമതശബ്ദങ്ങള്‍ക്ക് കുഴിമാടം തീര്‍ക്കുന്ന, ജനാധിപത്യത്തിന്റെ നെഞ്ചിലേക്കു വെടിയുണ്ടകളുതിര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ സുപ്രഭാതത്തിന്റെ പ്രസക്തി പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.
വിയോജിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശം പോലെ പ്രധാനമാണെന്ന് അവ രണ്ടും ഭീഷണി നേരിടുന്ന അവസ്ഥയില്‍ ഉറക്കെ വിളിച്ചുപറയാന്‍ ഈ പത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
2014 സെപ്റ്റംബര്‍ ഒന്നിന് സുപ്രഭാതം ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നപ്പോള്‍ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെ ഒരു പത്രത്തിന്റെ പ്രസക്തി ചോദ്യം ചെയ്തിരുന്നു. സമസ്ത എന്ന മഹാപ്രസ്ഥാനത്തിന്റെ വേരുകള്‍ മലയാളമണ്ണില്‍ ആഴത്തില്‍ പടര്‍ന്നിട്ടുണ്ടെന്ന സത്യം പലരും ഗൗനിച്ചില്ല. ആറ് എഡിഷനുകളോടെ പത്രം തുടങ്ങാനുള്ള തീരുമാനം അവിവേകമാണെന്ന് മുഖത്തുനോക്കി പറയാന്‍ പോലും ചിലര്‍ തയാറായി. അവരാരും ശത്രുക്കളായിരുന്നില്ല. ഇഷ്ടംകൊണ്ടോ ഇഷ്ടക്കൂടുതല്‍ കൊണ്ടോ ഉള്ള ഉല്‍കണ്ഠ പങ്കുവയ്ക്കുകയായിരുന്നു അവര്‍.
ഇഖ്‌റഅ് പബ്ലിക്കേഷന്‍സിന്റെ സാരഥികള്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാരുടെയും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിന്റെയും നേതൃത്വത്തില്‍ മുന്നോട്ടുപോയി. സമസ്തയുടെ പതിനായിരത്തോളം വരുന്ന മദ്രസകളിലെ അധ്യാപകര്‍ കര്‍മവീഥിയിലിറങ്ങി. കണക്കുകൂട്ടലുകള്‍ തകിടംമറിഞ്ഞു.
പ്രതീക്ഷിച്ചതിലും നാലിരട്ടിയിലേറെ പ്രചാരണം. സെപ്റ്റംബര്‍ ഒന്നിന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രഭാതം കേരളത്തിന് സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സാക്ഷികളായി. ഇന്ത്യന്‍ മാധ്യമചരിത്രത്തില്‍ ഇതൊരു അത്ഭുതകരമായ തുടക്കമാണെന്ന് മാധ്യമപ്രമുഖര്‍ സാക്ഷ്യപ്പെടുത്തി.
സുപ്രഭാതത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി അന്ന് ആലോചിച്ച പേര് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതായിരുന്നു. അദ്ദേഹത്തെ സമീപിച്ചെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി കാരണം പങ്കെടുക്കാന്‍ പ്രയാസമറിയിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. അദ്ദേഹം തന്നെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ ചടങ്ങിന് അയച്ചുതന്നു. ഇന്നിപ്പോള്‍ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തുമ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
എല്ലാ നല്ല സംരംഭങ്ങള്‍ക്കും ശക്തിപകരുന്ന പ്രവാസി സുഹൃത്തുക്കള്‍ നിറഞ്ഞ മനസ്സോടെ സുപ്രഭാതത്തെ ഗള്‍ഫ് നാടുകളിലേക്ക് സ്വാഗതം ചെയ്തു. ധൃതി വേണ്ടെന്നും രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് പരിഗണിച്ചാല്‍ മതിയെന്നും ചെയര്‍മാന്‍ ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ സുപ്രഭാതത്തിന്റെ സാരഥികള്‍ പ്രഖ്യാപിച്ചിരിക്കുന്നു ഇനി പ്രവാസ ലോകത്തേക്കെന്ന്. ഖത്തര്‍ എഡിഷനോടെ ഗള്‍ഫ് എഡിഷനുകള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നു. ഏറെ വൈകാതെ തന്നെ ഈ സ്വപ്‌നം സാക്ഷാല്‍കൃതമാവും.
ഞങ്ങള്‍ക്ക് പക്ഷേ ഒരു ദു:ഖം മാത്രം. സുപ്രഭാതത്തിന്റെ ശില്‍പി കോട്ടുമല ബാപ്പു ഉസ്താദ് ഇന്നില്ല. ആ ഓര്‍മകള്‍ ഞങ്ങള്‍ക്ക് കരുത്താവും. സുപ്രഭാതം മാനേജിങ് കമ്മിറ്റിയിലെ ശക്തിയും ചൈതന്യവുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതവര്യരും ഈ കാലയളവില്‍ നമ്മെ പിരിഞ്ഞു.
പാണ്ഡിത്യവും ലാളിത്യവും പരസ്പരവിരുദ്ധമായ ഈ കാലത്ത് രണ്ടിനേയും പരസ്പര പൂരകങ്ങളായി ജീവിതം കൊണ്ട് വിളക്കിച്ചേര്‍ത്ത ഈ മഹാത്മാക്കളായ നേതാക്കള്‍, അവര്‍ക്കും മുന്‍പേ നടന്ന സൂഫീവര്യരായ ശംസുല്‍ ഉലമമാര്‍. ആ പുണ്യാത്മാക്കളുടെ ഒക്കെ മനസിന്റെ നന്മയാണ് സുപ്രഭാതത്തിന്റെ ഈ മഹാവിജയത്തിന് കാരണം എന്ന് ഞാന്‍ വിചാരിക്കുന്നു.
ഇന്നിപ്പോള്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തില്‍ ആ പണ്ഡിതസഭ മുന്നോട്ടുകുതിക്കുന്നു. കേരള മുസ്‌ലിംകളുടെ പ്രിയങ്കരനായ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സജീവ സാന്നിധ്യം ഈ പണ്ഡിതകൂട്ടായ്മക്ക് ശോഭ വര്‍ധിപ്പിക്കുന്നു.
മൂന്നാം വാര്‍ഷികാഘോഷ വേളയില്‍ ഒരു സുഹൃത്ത് ചോദിച്ചു: 'ഈ പത്രം തികച്ചും നിഷ്പക്ഷമാണോ' എന്ന്, വിനയപൂര്‍വം ഞാന്‍ പറഞ്ഞു: 'അല്ല, നിഷ്പക്ഷമാകാന്‍ സുപ്രഭാതത്തിന് കഴിയില്ല'.
അദ്ദേഹം അടുത്ത ചോദ്യം ഉന്നയിക്കുന്നതിന് മുന്നേ ഞാന്‍ തുടര്‍ന്നു: 'സുപ്രഭാതം എന്നും ജനപക്ഷമാണ്'. അതെ, ശബ്ദമില്ലാത്തവരുടെ ശബ്ദമായി, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ജിഹ്വയായി സുപ്രഭാതം നിലനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."