അസൗകര്യങ്ങള്‍ക്ക് അവസാനം: ബാണാസുരയില്‍'പാര്‍ക്കിങ് 'ആശ്വാസം
പടിഞ്ഞാറത്തറ: ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പടിഞ്ഞാറത്തറ ബാണാസുര ഡാമിന് ശാപമോക്ഷമായി പാര്‍ക്കിങ്ങിന് സൗകര്യമൊരുങ്ങുന്നു.
സീസണുകളിലും അല്ലാതെയും ആയിരക്കണക്കിന് സഞ്ചാരികളാണ് കേന്ദ്രത്തിലെത്തിയിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മതിയ സൗകര്യമില്ലാത്തതിനാല്‍ ഈ റൂട്ടില്‍ ഗതാഗത തടസവും പതിവായിരുന്നു.
നിലവില്‍ കേന്ദ്രത്തിലെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണ് പാര്‍ക്കിങ് സൗകര്യമൊരുങ്ങുന്നത്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരേക്കര്‍ സ്ഥലത്ത് മൂന്നു നിലകളിലായാണ് പാര്‍ക്കിങ് സൗകര്യമൊരുങ്ങുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ പാര്‍ക്കിങ് പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യവും ചുറ്റും കമ്പിവേലി നിര്‍മാണവുമാണ് പദ്ധതിയിലുള്ളത്. കൂടാതെ ഷോപ്പിങ് കോംപ്ലക്‌സ്, നടപ്പാത, ഓഡിറ്റോറിയം, റെയില്‍ ഷെല്‍ട്ടര്‍, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ രണ്ട് മാസത്തിനുള്ളില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഡാം നിലവില്‍ വന്നതിന് ശേഷം നിരവധി മാസ്റ്റര്‍പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ലന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.നിലവില്‍ എഴുപത്തിയെട്ടും ഇരുപത്തി രണ്ടും സെന്റ് സ്ഥലങ്ങളിലായി രണ്ട് ഇടങ്ങളിലായിരുന്നു ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. കൂടാതെ ബാക്കി വരുന്ന വാഹനങ്ങള്‍ റോഡരികിലും പരിസരത്തെ വീട്ടുപടിക്കലുമായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. വിശേഷ ദിവസങ്ങളില്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ വാഹനപെരുപ്പം കാരണം ഇതുവഴിയുള്ള കാല്‍നടയാത്ര പോലും പ്രയാസമാണ്. കൂടാതെ ഇതേചൊല്ലി പലപ്പോഴും വാക്ക് തര്‍ക്കങ്ങളുണ്ടാവുന്നതും പതിവാണ്. പാര്‍ക്കിങ്ങിന്റെ അഭാവം കാരണം ഈ റൂട്ടിലൂടെ സര്‍വിസ് നടത്തേണ്ട ബസുകള്‍ പലപ്പോഴും റൂട്ട്മാറ്റി സര്‍വിസ് നടത്തുന്നത് പ്രദേശത്തുള്ളവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആഘോഷ ദിവസങ്ങളില്‍ മാത്രം വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ടങ്കിലും ഇവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."