വെങ്ങര മഹാദേവ ക്ഷേത്രം തര്‍ക്കഭൂമിയില്‍ സംഘര്‍ഷം അഞ്ചുപേര്‍ക്ക് പരുക്ക്; 16 പേര്‍ക്കെതിരേ കേസ്
പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ടിന് സമീപം പുനര്‍നിര്‍മാണം നടക്കുന്ന വെങ്ങര മഹാദേവ ക്ഷേത്രത്തില്‍ ഭൂമിയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞദിവസം തര്‍ക്കഭൂമിയിലുള്ള സ്ഥലത്തെ ഭജനമന്ദിരവും ഭണ്ഡാരവും നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെ സംഘര്‍ഷമുണ്ടായത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള പ്രചാരണ ജാഥ സ്ഥലം സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ സ്ഥലം ഉടമ എന്ന് അവകാശപ്പെടുന്ന പ്രഭാകരന്, ഭാര്യ പത്മിനി, ഹരീഷ് എന്നിവരെയും ക്ഷേത്രം സെക്രട്ടറി മടപ്പള്ളി പ്രദീപന് മുണ്ടവളപ്പില്‍ മീനാക്ഷി എന്നിവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. 1946 മുതല്‍ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് 1976ല്‍ പട്ടയം ലഭിച്ചതാണെന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നികുതി അടച്ചു വരികയാണെന്നും പ്രഭാകരനും പത്മിനിയും സാക്ഷ്യപ്പെടുത്തുമ്പോള്‍ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി അടച്ച് അവകാശം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും ക്ഷേത്രം സെക്രട്ടറി മടപ്പള്ളി പ്രദീപന് പറഞ്ഞു. തഹസില്‍ദാര്‍ വി.എം സജീവന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്. വിനോദ് കുമാര്‍, മാടായി വില്ലേജ് ഓഫിസര്‍ രത്നേഷ്, പഴയങ്ങാടി പൊലിസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കലക്ടര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ ഉള്ളവരടക്കം 16 പേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."