കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ഹരജി തിങ്കളാഴ്ച്ച പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന് ബി.രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാണ് കാവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കാവ്യയുടെ ജാമ്യഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്‍സര്‍ സുനിയെ തനിക്കോ ദിലീപിനോ അറിയില്ല. സുനി പറയുന്നത് പൊലിസ് അതേപടി വിശ്വസിക്കുകയാണ്. അന്വേഷണവുമായി കേസില്‍ ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. പൊലിസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും പല തരത്തിലുള്ള കഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.
കേസില്‍ തന്റെ മാതാവിനെയും സഹോദരനെയും പൊലിസ് ഭീഷണിപ്പെടുത്തുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നും പൊലിസ് ഭീഷണിപ്പെടുത്തുന്നതായി കാവ്യമാധാവന് പറഞ്ഞു.
പൊലിസ് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഭീഷണിക്കുപിന്നില്‍ അന്വേഷണത്തലവനായ എസ്.പിയും സി.ഐയുമാണ് പിന്നിലെന്നും കാവ്യ മാധവന് പറഞ്ഞു.
കേസിലെ മാഡം കാവ്യാമാധവനാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നും സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.
നടനും സംവിധായകനുമായ നാദിര്‍ഷായെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വിളിച്ചതിനു പിന്നാലെ നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."