ചിരിക്കുന്ന ഫിറോസിന്റെ മുഖം ഇനി ഓര്‍മ മാത്രം
നിലമ്പൂര്‍: ടൗണിലും പരിസരങ്ങളിലും സൗമ്യനായി ചിരിച്ചുകൊണ്ടുള്ള ഫിറോസിന്റെ മുഖം ഇനി നിലമ്പൂര്‍ക്കാര്‍ക്ക് ഓര്‍മ മാത്രം. ഫിറോസിന്റെ ആകസ്മിക മരണം ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വാസിക്കാനാവുന്നില്ല. 11ന് പുലര്‍ച്ചെ നിലമ്പൂര്‍ ജനതപ്പടിക്കും കീര്‍ത്തിപ്പടിക്കും ഇടയില്‍ കെ.എന്‍.ജി റോഡില്‍ ജോലിക്കായി പോവുകയായിരുന്ന കളത്തിങ്ങതൊടിക ഫിറോസിനെ (36) അജ്ഞാത വാഹനമാണ് ഇടിച്ചു തെറിപ്പിച്ചത്.
സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 5.15ഓടെയാണ് മരണം. ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണത് കണ്ടിട്ടും അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെപോകുകയായിരുന്നു.
പള്ളിയില്‍നിന്നും പ്രഭാത നിസ്‌കാരം കഴിഞ്ഞിറങ്ങിയവരാണ് ബോധമറ്റനിലയില്‍ കിടക്കുകയായിരുന്ന ഫിറോസിനെ കണ്ടത്. ആശുപത്രിയിലെത്തിക്കാന്‍ അവര്‍ വരുന്ന വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് ജീപ്പ് സ്ഥലത്തെത്തിയപ്പോഴേക്കും ഓട്ടോറിക്ഷയില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് സാരമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും, ശ്വാസകോശത്തിനും സാരമായി പരുക്കേറ്റ ഫിറോസ് ഇത്രയും ദിവസം വെന്റിലേറ്ററിലായിരുന്നു.
നിലമ്പൂരിലെ രാഷ്ട്രീയ നേതാക്കള്‍ക്കുപോലും ഫിറോസ് പരിചിതനാണ്. പിതാവ് കുഞ്ഞിമുഹമ്മദിന് ലഭിക്കുന്ന ക്ഷേമപെന്‍ഷനും ഹോട്ടല്‍ ജോലിയും മറ്റും ചെയ്ത് ഫിറോസിന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പറക്കമുറ്റാത്ത രണ്ടു മക്കളേയും ഭാര്യയേയും അനാഥരാക്കിയാണ് ഫിറോസ് ഈ ലോകത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് 11ന് നിലമ്പൂര്‍ ആര്‍.ആര്‍.സി ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."