സിറ്റി ഗ്യാസ് പദ്ധതിറോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരേ ഭരണ-പ്രതിപക്ഷ ബഹളം
കൊച്ചി: സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം. വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ പുനര്‍ നിര്‍മാണത്തിനായി നഗരസഭ നിശ്ചയിച്ച നിരക്കില്‍ നിന്ന് പിന്നോട്ട് ഭരണപക്ഷം ഒറ്റക്കെട്ടായി വാദിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്തിന്റെ നിരക്ക് ഈടാക്കി എത്രയും പെട്ടെന്ന് പദ്ധതിക്ക് തുടക്കംകുറിക്കണമെന്ന് പ്രതിപക്ഷം നിര്‍ബന്ധം പിടിച്ചു.
പദ്ധതിക്കായി 894 കിലോമീറ്ററോളം റോഡ് വെട്ടിപൊളിക്കുന്നതിനായി അദാനി ഗ്രൂപ്പ് നല്‍കുന്ന തുക റോഡുകളുടെ പുനരുദ്ധാരണത്തിന് മതിയാകില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹാരിസ് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിക്കാനാണ് നഗരസഭ ഭരണാധികാരികളുടെ ശ്രമമെന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.പി ചന്ദ്രന്‍ കുറ്റപ്പെടുത്തി. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കളമശേരിയിലും തൃക്കാക്കരയിലും പൊതുമരാമത്ത് നിരക്കില്‍ റോഡ് പൊളിക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ നിരക്കിന്റെ കാര്യം പറഞ്ഞത് ഇവിടെ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് ഇരട്ടത്താപ്പാണ്. ചഇ്ദ്രന്‍ പറഞ്ഞു. നഗരസഭയ്ക്ക് ഒരു രൂപ പോലും നഷ്ടം വരാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി ആവശ്യപ്പെട്ടു.
കെ.എം.ആര്‍.എല്‍ ടാര്‍ ചെയ്ത റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് നഗരസഭയ്ക്ക് എന്തു കാര്യമെന്ന സി.പി.എം നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡെപ്യുട്ടി മേയര്‍ ടി.ജെ വിനോദ് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ 20 ന് നഗരസഭയിലേക്ക് സി.പി.എം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സമരം രാഷ്ട്രിയപ്രേരിതമാണ്. കെ.എം.ആര്‍.എല്‍ 30 കോടിയാണ് ടാറിംഗിന് വേണ്ടി ചെലവഴിച്ചത്. കൊച്ചിയിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിനായി പദ്ധതിവിഹിതത്തില്‍ നിന്ന് 33 കോടി രൂപ നഗരസഭയും ചെലവഴിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിരക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് നഗരസഭ എതിരല്ലെന്നും എന്നാല്‍ നഗരസഭയ്ക്ക് നഷ്ടം വരരുതെന്നും മേയര്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചുള്ള തുക സ്വീകരിച്ചാല്‍ ഉണ്ടാകുന്ന നഷ്ടം ഒരു കമ്മറ്റിയെ വെച്ച് പഠിക്കുമെന്നും അതനുസരിച്ച് തീരുമാനം എടുക്കുമെന്നും മേയര്‍ പറഞ്ഞത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
ഭവനരഹിതര്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയെ നഗരസഭ അവഗണിക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. കൗണ്‍സിലര്‍ ഡോ. പൂര്‍ണ്ണിമ നാരായണനാണ് ഇക്കാര്യം ഉന്നയിച്ചത്.
ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയിരുന്നു അപേക്ഷ സ്വീകരിച്ചത്. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ വ്യക്തിഗത വിവരങ്ങള്‍ സഹിതമായിരുന്നു അപേക്ഷ സ്വീകരിച്ചത്. എന്നാല്‍ അതിനുശേഷം സ്വീകരിച്ച അപ്പീല്‍ അപേക്ഷകള്‍ വെള്ളപേപ്പറിലാണ് സ്വീകരിച്ചത്. ഇതു മൂലം പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ല. എങ്ങനെയാണ് അപേക്ഷ സ്വകരിക്കേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയാത്ത അവസ്ഥയായിരുന്നു. അതിനാല്‍ നിരവധി പേരുടെ വീട് എന്ന സ്വപ്നം പൊലിഞ്ഞു പോയി. പട്ടികയില്‍ ഉള്‍പ്പെടാതെ കലക്‌ട്രേറ്റില്‍ പരാതിനല്‍കിയവരോടും അച്ചടിച്ച അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നഗരസഭയില്‍ അത്തരം ഒരു അപേക്ഷ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചില്ല.
രണ്ടാമത്തെ അപ്പീല്‍ ലിസ്റ്റില്‍ നിന്ന് നിരവധി ഗുണഭോക്താക്കള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഡാറ്റാ എന്‍ട്രി കാര്യക്ഷമം അല്ലാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും പൂര്‍ണ്ണിമ പറഞ്ഞു.
അതേ സമയം ലൈഫ് പദ്ധതിയില്‍ ശരിയായ വിവരങ്ങള്‍ നല്‍കാതിരുന്നതാണ് ഗുണഭോക്താക്കള്‍ക്ക് വിനയായതെന്ന് മേയര്‍ പറഞ്ഞു. സര്‍ക്കാര്‍ സമയം നീട്ടി തന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍മാരായ സുധ ദിലീപ് കുമാര്‍, പി.എസ് പ്രകാശന്‍, കെ.കെ കുഞ്ഞച്ചന്‍, ഒ.പി സുനില്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."