നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയ കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മൂവാറ്റുപുഴ: സിനിമാ നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയ കേസില്‍ എറണാകുളം വിജിലന്‍സ് പൊലീസ് നടത്തിവന്നിരുന്ന അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബെഹറയ്ക്ക് 30 ദിവസത്തിനകം കൈമാറും. ഒന്നരവര്‍ഷം മുമ്പാണ് എറണാകുളം സ്വദേശി ഗിരീഷ് ബാബു ജയസൂര്യയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച പരാതി നല്‍കിയത്. തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവായി.
കൊച്ചി കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയും, മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. എം ജോര്‍ജ്, സിനിമ താരം ജയസൂര്യ എന്നിവരെ ഒന്നു മുതല്‍ 3 വരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നടത്തിയ നിര്‍മ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണനിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി.കലാം പാഷ മുമ്പാകെ ഒരു ഹര്‍ജി നല്‍കിയിരുന്നു ഇതേ തുടര്‍ന്ന് കേസിന്റെ അന്വേഷണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുവാന്‍ കോടതി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസിലെ അന്വേഷണം പൂര്‍ത്തിയായതായുള്ള റിപ്പോര്‍ട്ട് എറണാകുളം വിജിലന്‍സ് യൂണിറ്റ് ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."