ഗോള്‍ പോസ്റ്റുകള്‍, വോളന്റിയര്‍മാര്‍ വിശദാംശങ്ങള്‍ നാളെ നല്‍കണം
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായുള്ള വണ്‍ മില്യണ്‍ ഗോള്‍ എന്ന പ്രചാരണ പരിപാടി വിജയമാക്കാന്‍ ജില്ല ഒരുങ്ങുന്നു. 27ന് വൈകിട്ട് മൂന്നു മുതല്‍ എഴ് വരെ സംസ്ഥാനത്ത് ബഹുജന പങ്കാളിത്തത്തോടെ ഒരു മില്യന്‍ ഗോളുകള്‍ അടിക്കുകയും ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകളെ ഫിഫാ ലോകകപ്പിനെ കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യുക എന്നതാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യ.ം വണ്‍ മില്യന്‍ ഗോള്‍ പരിപാടിയില്‍ ജില്ലയില്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കാനായി കലക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ജില്ലയില്‍ ഓരോ ഗ്രാമപഞ്ചായത്തിലും 2000 ഗോളുകള്‍, ഓരോ മുനിസിപ്പാലിറ്റിയിലും 10,000 ഗോളുകള്‍, ഓരോ കോര്‍പറേഷനിലും 15,000 ഗോളുകള്‍ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടു ഗോള്‍ പോസ്റ്റും മുനിസിപ്പാലിറ്റിയില്‍ അഞ്ചും കോര്‍പ്പറേഷനില്‍ പത്തും ഗോള്‍ പോസ്റ്റുകള്‍ ക്രമീകരിക്കണം എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികളോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓരോ ഗോള്‍പോസ്റ്റിലും രണ്ടു വീതം വോളന്റിയര്‍മാരെ നിയോഗിക്കണം.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും തയ്യാറാക്കിയ ഗോള്‍ പോസ്റ്റുകളുടെ സ്ഥലം, മറ്റ് വിശദാംശങ്ങള്‍, വോളന്റിയര്‍മാരുടെ വിശദാംശങ്ങള്‍ എന്നിവ നാളെ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. വിശദാംശങ്ങള്‍ ുെീൃെേരീൗിരശഹലസാ@ഴാമശഹ.രീാ ലേക്ക് അയയ്ക്കണം. മറ്റ് വിവരങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടേണ്ട നമ്പര്‍ 2367580.
എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായ ലിംഗ ഭേദമെന്യേ ക്യാമ്പയിനില്‍ പങ്കെടുക്കാം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍ അതതു പഞ്ചായത്തുകളുമായി ബന്ധപ്പെടേണ്ടതാണ്. സ്‌കൂള്‍, കോളജ്, പൊതുസ്വകാര്യ കളിസ്ഥലങ്ങള്‍ എന്നിവയെല്ലാംതന്നെ വണ്‍ മില്യണ്‍ ഗോളെന്ന കാമ്പയിനു വേണ്ടി വിനിയോഗിക്കാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ. ഗോള്‍ കീപ്പര്‍ ഉണ്ടാകുന്നതല്ല.
വണ്‍ മില്യണ്‍ ഗോളിനു വേണ്ടി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഗോളുകള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപല്‍ക്കേഷന്‍ വഴിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഫോട്ടോകളും മൊബൈല്‍ ആപല്‍ക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം. എന്‍.എസ്.എസ് കോഡിനേറ്റര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡിന്റെ യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കായി മൊബൈല്‍ അപ്ലിക്കേഷന്റെ പരിശീലനം 19ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ ഉണ്ടാകും. ഓരോ ജില്ലയില്‍നിന്നും ക്യാമ്പയിനില്‍ പങ്കെടുത്ത ഗോള്‍ അടിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടു പേര്‍ക്ക് വീതം ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരം കാണാനുള്ള അവസരം നല്‍കും. വണ്‍മില്യന്‍ ഗോളിന്റെ നടത്തിപ്പിനായി ജില്ലാ തദ്ദേശസ്വ്യയം ഭരണതലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്നും യോഗം അറിയിച്ചു. ജില്ലാതല കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്.
സിനിമാതാരങ്ങളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി ഫുട്‌ബോള്‍ മാച്ചും ലോകകപ്പ് പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഒ.എന്‍ വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അനില്‍കുമാര്‍, ഓഫീസര്‍ രാജേഷ്, യൂത്‌പ്രോഗ്രാം ഓഫിസര്‍ ശ്രീകല, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ അഫ്‌സല്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."