അക്ഷരങ്ങളുടെ കൈപിടിക്കാന്‍ ക്ലാസ്മുറികളില്‍ തുറന്ന വായനശാല
ഈരാറ്റുപേട്ട: അടച്ചുപൂട്ടിയ ഗ്രന്ഥശാലയും കണ്ണുരുട്ടുന്ന ലൈബ്രേറിയനും വിദ്യാലയങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. പകരം ക്ലാസ് മുറികള്‍ കേന്ദ്രീകരിച്ച് വിദ്യാലയങ്ങളില്‍ തുറന്ന വായനശാലകളാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലെയും ഒന്ന്, രണ്ട് ക്ലാസ് മുറികളിലാണ് തുറന്ന വായനശാലകള്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുക.
വിദ്യാര്‍ഥികളെ സ്വതന്ത്ര വായനക്കാരാക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സര്‍വശിക്ഷാ അഭിയാനാണ് (എസ്.എസ്.എ) വായനശാലകള്‍ ഒരുക്കേണ്ട ചുമതല നല്‍കിയിരിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ കുറഞ്ഞത് 20 പുസ്തകങ്ങളെങ്കിലും ലഭ്യമാക്കുകയാണ് തുടക്കത്തില്‍ ചെയ്യുന്നത്.
പുസ്തകങ്ങള്‍ ക്ലാസിലെ തുറന്ന ഷെല്‍ഫിലാണ് പ്രദര്‍ശിപ്പിക്കുക. ആരുടേയും അനുവാദം കിട്ടാനായി കാത്തു നില്‍ക്കേണ്ടതില്ല. ഇഷ്ടമായ പുസ്തകം ഇഷ്ടമുള്ള സമയത്തെടുത്ത് ഇഷ്ടം പോലെ വായിക്കാം; തിരികെ വയ്ക്കാം. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വായനശാലയുടെ മേല്‍നോട്ടം വഹിക്കുന്നത്.
കുട്ടികള്‍ക്കിടയില്‍ വായനാശീലം പ്രചരിപ്പിക്കാന്‍ അടച്ചിട്ട ഗ്രന്ഥശാലകള്‍ പരാജയപ്പെടുന്നതെന്തുകൊണ്ടെന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ ആശയം രൂപം കൊണ്ടത്. എത്രപേര്‍ വായിച്ചെന്നതിനേക്കാള്‍ എത്ര പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സുരക്ഷിതമായിരിക്കുന്നുണ്ടെന്ന ആശങ്കയാണ് ചുമതലയുള്ളവരെ ഭരിക്കുന്നത്. വായനക്കാരെ വിശ്വാസത്തിലെടുക്കാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്താനാകില്ലെന്ന വേറിട്ട ചിന്തയും തുറന്ന വായനശാലകള്‍ക്കുണ്ട്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ബി.ടി, കേരള ബുക്ക് മാര്‍ക്ക്, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ പ്രസിദ്ധീകരണ ശാലകളുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ 2000 രൂപ വീതം വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
റാക്ക് അടക്കം മറ്റുള്ളവ വിഭവ സമാഹരണത്തിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളിലും തുടര്‍ വര്‍ഷങ്ങളില്‍ അടുത്ത ക്ലാസുകളിലേക്കും നടപ്പിലാക്കാനാണ് സര്‍വശിക്ഷ അഭിയാന്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."