തൃത്താല വട്ടത്താണിയിലും പട്ടിത്തറയിലും വാഹനാപകടം നാല്‌പേര്‍ക്ക് പരുക്ക്
പടിഞ്ഞാറങ്ങാടി: തൃത്താലയുടേയും, ആലൂരിന്റെയും ഇടയില്‍ വട്ടത്താണിയിലും, കൂട്ടക്കടവിന്റെയും, ചിറ്റപ്പുറത്തിന്റെയും ഇടയില്‍ പട്ടിത്തറയിലുമുണ്ടായ വാഹനപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പട്ടിത്തറയില്‍ കാറും, ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന കൂടല്ലൂര്‍ സ്വദേശികളായ പരേതനായ പരമേശ്വരന്‍ ( കുട്ടന്‍ ) എന്നവരുടെ ഭാര്യ ശോഭ ( 45 ), മകള്‍ ദീപ്തി ( 20 ), ഡ്രൈവര്‍ വലിയവളപ്പില്‍ നാരായണന്‍ മകന്‍ കുട്ടന്‍ എന്നീ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്.
മകളുടേയും, ഡ്രൈവറുടേയും പരുക്ക് നിസ്സാരമാണ്. മൂവരേയും കുന്നംകുളം റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശോഭയെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടില്ല.
കാര്‍ പൂലേരി ഭാഗത്ത് നിന്നും പട്ടിത്തറ ഇറക്കം ഇറങ്ങി തൃത്താല ഭാഗത്തേക്ക് തിരിയുമ്പോള്‍ കൂടല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ രണ്ട് തവണ മറിഞ്ഞു. ഓട്ടോയില്‍ ഗ്യാസ് സിലണ്ടര്‍ ഉണ്ടായിരുന്നെങ്കിലും വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് 12.30 ന്നാണ് സംഭവം.
തൃത്താല വട്ടത്താണിയില്‍ ബൈക്കും, ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പൂലേരി വെളുത്ത്പറമ്പില്‍ ശഹീറിന് തലക്ക് പരുക്കേറ്റ് എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട്ടിരി മല റോഡില്‍ നിന്നും വരികയായിരുന്ന ഓട്ടോ തൃത്താല ഭാഗത്തേക്ക് തിരിച്ചതോടെ പകുതി ഭാഗം റോഡിലേക്കായി നിന്ന ജീപ്പിനെ മറികടന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ആരും ഉണ്ടായിരുന്നില്ല. പട്ടാമ്പി സ്വദേശിയുടേതാണ് ഓട്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."