പട്ടാമ്പി - പുലാമന്തോള്‍ റോഡ് തകര്‍ച്ച ജനങ്ങളെ കയ്യൊഴിഞ്ഞ് പട്ടാമ്പി എം.എല്‍.എ
പട്ടാമ്പി: പട്ടാമ്പി-പുലാമന്തോള്‍ റോഡ് അറ്റകുറ്റപണി ഉടനില്ലെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകാതെ ഒരുപ്രവൃത്തിക്കും അനുമതി കിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെട്ട് വരികയാണ്. പട്ടാമ്പി-പുലാമന്തോള്‍ റോഡ് തകര്‍ച്ചയാണ് ഇപ്പോള്‍ ഏറ്റവും വലിയ വിഷയമായി മാറിയിരിക്കുന്നത്. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണ്. നവീകരണപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാനാവശ്യപ്പെട്ട് നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായതായിഅദ്ദേഹം സൂചിപ്പിച്ചു.
വിജിലന്‍സ് കേസിലുള്‍പ്പെട്ടതായതുകൊണ്ട് റോഡില്‍ ഒന്നും ചെയ്യാനാകുന്നില്ല. അന്വേഷണം നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട്‌വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ലീഗല്‍ അഡൈ്വസര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരിക്കുകയാണ്. വിദഗ്ദ പരിശോധന ഇനിയും ആവശ്യമാണെന്ന് അന്വേഷണ വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതില്‍ ഇടപെടാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകാന്‍ മാസം എടുത്തേക്കാം. വല്ല ഇടപെടലും നടത്തിയാല്‍ കേസ് വരുമെന്നും അഴിമതി ആരോപണം വരുമെന്ന ഭയമുള്ളതായും എം.എല്‍.എ പറഞ്ഞു. 9.7 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച റോഡിന്റെ കോണ്‍ട്രാക്ടര്‍ കുതിരോളി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ഇവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് മുന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. കരിമ്പട്ടികയില്‍ പെടുത്തണമെന്ന അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും എം.എല്‍.എ പറഞ്ഞു. റോഡില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ കോടതി ഇടപെടണം. പൊതുതാല്‍പര്യഹരജിയുമായി മുമ്പോട്ടു പോകാന്‍ ആരെങ്കിലും തയ്യാറാകണം. എങ്കിലേ ഈ ദുരിതം തീര്‍ക്കാനാകൂ. റോഡില്‍ പ്രവൃത്തി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് ഞാനല്ല. ഒരു മാസം കൊണ്ട് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ട്രക്ടര്‍ക്കു വേണ്ടി ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് വിജിലന്‍സില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അന്വേഷണത്തിന് ഇപ്പോഴൊരു വിലക്കുമില്ലെന്നും പറഞ്ഞു. റോഡ് നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്ന് ബോധ്യമായിട്ടുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഗുഡാലോചന അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ട്. എട്ടോളം സ്ഥലത്ത് റോഡ് തന്നെയില്ലാത്ത അവസ്ഥയാണ്. വലിയ ഗര്‍ത്തങ്ങളായി തകര്‍ന്നിരിക്കുകയാണ്. പൂര്‍ണ്ണമായും പണി നടത്തേണ്ട അവസ്ഥയാണ്. അതിന് 12-13 കോടിയോളം രൂപ വരും. അടുത്ത ബജറ്റില്‍ ഈ തുകഉള്‍പ്പെടുത്താനായെങ്കിലേ മുഴുവന്‍ നവീകരിക്കാനാവൂ. അതിനുള്ള പണം ഇപ്പോള്‍ സര്‍ക്കാറിന്റെ പക്കലില്ല. കല്ലെങ്കിലുമിട്ട് യാത്രസൗകര്യമൊരുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനും പറ്റാത്ത സാഹചര്യമാണ്. എന്നാലും ക്വാറി വേസ്റ്റിട്ട് എന്തെങ്കിലും ചെയ്യാം. അതിനുള്ള ഫണ്ട് തന്നെ പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസ് മെയിന്റനന്‍സില്‍ നിന്നാണ് എടുക്കുന്നത്. റോഡിനെതിരായ സമരം രാഷ്ട്രീയ പ്രേരിതമാണ്. മുസ്‌ലിംയൂത്ത്‌ലീഗ് സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ല. റോഡ് കേടുവന്നതിന് ഞാനല്ല ഉത്തരവാദി. അത്തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. യൂത്ത്‌ലീഗുകാര്‍ കോടതിയിലേക്ക് സമരം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. കാരണം കോടതി നിര്‍ദേശിച്ചെങ്കിലേ ഇനി റോഡില്‍ എന്തെങ്കിലും ചെയ്യാനാകൂ. റോഡുകളുടെ പേരില്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന ഒരു എം.എല്‍.എ കേരളത്തിലില്ല. ഇങ്ങനെ ഒരു മണ്ഡലവുമില്ല. ഇനിയും സമരങ്ങള്‍ നടന്നാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കാണാം. ചില സത്യങ്ങളൊക്കെ അവിടെ വിളിച്ചു പറയുമെന്നും ഭീഷണി രൂപേണ വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എ പറഞ്ഞു. പട്ടാമ്പി പുലാമന്തോള്‍ റോഡ് അറ്റകുറ്റപണികള്‍ തീര്‍ക്കണമെന്നാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ആ സാഹചര്യത്തിലാണ് ഒരു പ്രവൃത്തിയും റോഡില്‍ ചെയ്യാനാകില്ലെന്ന് പറഞ്ഞ് എംഎല്‍എ ഒഴിഞ്ഞുമാറുന്നത്. ജനങ്ങളെ കയ്യൊഴിയുന്ന എംഎല്‍എക്കെതിരെമണ്ഡലത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സി.പി.ഐ നേതാക്കളെല്ലാം വിട്ടുനിന്ന പത്രസമ്മേളനത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി എന്‍.പി വിനയകുമാര്‍ മാത്രമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."