അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശരിയല്ലെന്ന് ഡി.ജി.പി.
തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
നടിയെ ആക്രമിച്ചതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ചില വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.
നടിയെ ആക്രമിച്ച കേസില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലിസ് നടത്തുന്നത്. നിരപരാധികളായ ഒരാളേയും കേസില്‍ പ്രതിയാക്കില്ല.
എന്നാല്‍ കുറ്റം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കുകയുമില്ല. നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
അത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഡി.ജി.പി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."