പതിനാലുകാരി ശൈശവ വിവാഹത്തിനിരയായി; വരനും ബന്ധുക്കളും അറസ്റ്റില്‍
കൊല്ലം: സംസ്ഥാനത്ത് ശൈശവ വിവാഹം. പത്തനാപുരം ചെമ്പനരുവി മുള്ളുമല ഗിരിജന്‍ കോളനി നിവാസിയായ പതിനാലുകാരിയാണ് ശൈശവ വിവാഹത്തിനിരയായത്. സംഭവത്തില്‍ വരനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24), വരന്റെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ എന്നിവരെയാണ് പത്തനാപുരം പൊലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതൃസഹോദരീപുത്രനാണ് വരന്. ജൂലൈ 12ന് ക്ഷേത്രാചാരപ്രകാരം ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്. ക്ഷേത്രത്തില്‍ മിന്നുചാര്‍ത്തി ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ ഇരു വീട്ടുകാരുടെയും അറിവോടെ താമസിച്ചുവരികയായിരുന്നു.
ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡംഗത്തിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ച് ബോധ്യപ്പെട്ടശേഷം പത്തനാപുരം പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പത്തനാപുരം പൊലിസ്കേസെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടി ഗര്ഭിണിയാണോയെന്നും വൈദ്യപരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. പുനലൂര്‍ ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."