ഗൗരിലങ്കേഷ് വധം; വേറിട്ട പ്രതിഷേധമൊരുക്കി സാംസ്‌കാരിക കൂട്ടായ്മ
കരുനാഗപ്പള്ളി :മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ വേറിട്ട പ്രതിഷേധമൊരുക്കി കരുനാഗപ്പള്ളി പൗരാവലിയുടെ സാംസ്‌കാരിക കൂട്ടായ്മശ്രദ്ധേയമായി.
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പതിമൂവായിരം കോപ്പി മാത്രമുള്ള ചെറിയ പത്രത്തിന്റെ ഉടമയെ വക വരുത്തുക എന്നാല്‍ അവരെ ഫാസിസം അത്ര മാത്രം ഭയപ്പെടുന്നു എന്നാണര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികളില്‍ ഒരുങ്ങുന്നതല്ല ഭാരതത്തിന്റെ ബഹുസ്വരത എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി മതത്തെ വര്‍ഗീയ ഫാസിസത്തിനായി ഉപയോഗപ്പെടുത്തുന്ന ഏത് നീക്കത്തെയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അഡ്വ ആര്‍ അനില്‍ കുമാര്‍ വിഷയാവതരണം നടത്തി.നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ പിള്ള അധ്യക്ഷനായി.ഡി സ്‌നേഹജാന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂളില്‍ തീര്‍ത്ത വിശാലമായ ക്യാന്‍വാസില്‍ പ്രതിഷേധ വരയ്ക്ക് ചിത്രകാരന്മാരായ സി. രാജേന്ദ്രന്‍, അനിവരവിള എന്നിവര്‍ നേതൃത്വം നല്‍കി.
നൂറു കണക്കിനു പേര്‍ ക്യാന്‍വാസില്‍ കൈയ്യൊപ്പ് ചാര്‍ത്തിയും ചിത്രങ്ങള്‍ വരച്ചും പ്രതിഷേധവരയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."