വേങ്ങര ഉപതെരഞ്ഞെടുപ്പ്: ഭരണവിലയിരുത്തലല്ലെന്ന് കോടിയേരി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ ആകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് ലീഗിനു രാഷ്ട്രീയ പ്രഹരമാകും. കേരളത്തിലെ ഒരു മണ്ഡലത്തില്‍ മാത്രം നടക്കുന്ന തെരഞ്ഞെടുപ്പല്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഭരണത്തെ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നടന്ന എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയതായിരുന്നു കോടിയേരി. നേരത്തെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍, സംസ്ഥാന ഭരണത്തിന്റെ വിലിയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവന പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രവചനം ചര്‍ച്ചയായത്.
അതേസമയം, വേങ്ങരയായതിനാല്‍ അപകടമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാകാം കോടിയേരിയുടെ പ്രസ്താവനയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു പറഞ്ഞാല്‍ അതു പ്രതിപക്ഷത്തിനേ ഗുണം ചെയ്യൂ. വേങ്ങരയില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍.
അടുത്ത 20ന് മുന്‍പായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. വിവിധ പാര്‍ട്ടി യോഗങ്ങള്‍ അടുത്ത ദിവസങ്ങളിലായി നടക്കുന്നുണ്ട്. അതിനിടക്ക് പാണക്കാട് ചേരുന്ന പാര്‍ലമെന്റ് ബോര്‍ഡ് യോഗ ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."