കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടായിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു
ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എ അന്വേഷിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രിംകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഷയത്തില്‍ ഒരിക്കല്‍ കൂടി ഷെഫിന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
എന്‍.ഐ.എ അന്വേഷണം അവസാനിപ്പിച്ച് ഹാദിയയെ എത്രയും വേഗം കോടതിയില്‍ ഹാജരാക്കണമെന്നാണ് ഷെഫിന്റെ ആവശ്യം. കേസില്‍ ഇതുവരെ ഉണ്ടായ നടപടികളെല്ലാം പൗരന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ എത്രയും വേഗം കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സംസ്ഥാന ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
കേസില്‍ കേരളാ പൊലിസ് അന്വേഷണം നടത്തിവരുന്നതിനാല്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ട കഴിഞ്ഞമാസത്തെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്നും കേരള പൊലിസിന്റെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ഷെഫിന്‍ ആവശ്യപ്പെട്ടു. ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും.
മെഡിക്കല്‍ ബിരുദധാരിയായ അഖില എന്ന ഹാദിയയെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി മെയ് 24ന് ഷെഫിനുമായുള്ള അവരുടെ വിവാഹം റദ്ദാക്കിയിരുന്നു. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യംചെയ്ത് ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞമാസമാണ് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് എന്‍.ഐ.എക്കു വിട്ടത്. സംഭവം ഒറ്റപ്പെട്ടതാണോ, അതിനു പിന്നില്‍ സംഘടിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് സംരക്ഷണത്തോടെ വൈക്കം ടി.വി പുരത്തെ വീട്ടിലാണ് ഇപ്പോള്‍ ഹാദിയ ഉള്ളത്. ഇതിനിടെയാണ് ഭര്‍ത്താവ് ഷെഫിന്‍ വീണ്ടും സുപ്രിംകോടതിയുടെ ഇടപെടല്‍ തേടിയത്.
ഹരജിക്കൊപ്പം ഹാദിയയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വിഡിയോയുടെ പകര്‍പ്പും മാധ്യമങ്ങളില്‍ വന്ന വിവിധവാര്‍ത്തകളും സമര്‍പ്പിച്ചിട്ടുണ്ട്. ഹാദിയയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ രേഖകളും ഹാദിയ അവരുടെ വീട്ടില്‍ വലിയ മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിന്റെ പ്രസ്താവനയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വനിതാവകാശ പ്രവര്‍ത്തകര്‍ ഹാദിയയെ കാണാന്‍ വീട്ടില്‍ പോയ സമയത്ത്, 'തന്നെ രക്ഷിക്കൂ ഇവര്‍ എന്നെ തല്ലുകയാണ് 'എന്ന് ഹാദിയ നിലവിളിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചവയില്‍ ഉള്‍പ്പെടും. രാഹുല്‍ ഈശ്വറിന്റെ ഹ്രസ്വ വിഡിയോയില്‍ അദ്ദേഹം ഹാദിയയുടെ അമ്മയുമായി സംസാരിക്കുന്നതും അതിനിടയില്‍ അഭിമുഖത്തില്‍ ഹാദിയ തന്റെ നിലപാട് വ്യക്തമാക്കുന്നതുമാണ്. രാഹുല്‍ ഈശ്വറും മാതാവും സംസാരിക്കുന്നതിനിടെ ഇടപെട്ട ഹാദിയ, എന്തിനാണ് നിസ്‌കരിക്കാന്‍ പോലും കഴിയാത്ത നിലയില്‍ എന്നെ വീട്ടില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ചോദിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇവയില്‍ നിന്നെല്ലാം ഹാദിയ കേരളത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാവുന്നുണ്ടെന്നു വ്യക്തമാക്കുന്നുണ്ടെന്നും എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."