ഐ.എസ് ഭീകരര്‍ ഒരിക്കലും ഉപദ്രവിച്ചില്ല: ഫാ. ടോം ഉഴുന്നാലില്‍ പത്തു ദിവസത്തിനകം കേരളത്തില്‍
വത്തിക്കാന്‍ സിറ്റി: ഐ.എസ് തടവറയിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഒരു ഘട്ടത്തിലും പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വത്തിക്കാനില്‍ സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടവറയിലെ എന്റെ ജീവിതം അറിയാന്‍ നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാകും. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയില്‍ വിശ്വസിച്ചു. രണ്ടു തവണ അവിടെ വച്ച് ഞാന്‍ ജന്മദിനം ആഘോഷിച്ചു. വേണ്ടതെന്തും ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവര്‍ എന്നോട് മുറിയില്‍ വച്ച് വ്യായാമം ചെയ്യാനെല്ലാം ആവശ്യപ്പെട്ടു. ഞാന്‍ ചെറിയ തരത്തിലൊക്കെ വ്യായാമം തുടരുകയും ചെയ്തു. ഉറങ്ങാനും പ്രാര്‍ഥിക്കാനുമെല്ലാം സമയം എമ്പാടുമുണ്ടായിരുന്നു. റൊട്ടിയും വീഞ്ഞുമൊന്നും ലഭിച്ചില്ലെങ്കിലും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും അവന്‍ ആത്മീയമായ വീഞ്ഞും റൊട്ടിയും എനിക്ക് നല്‍കുകയും ചെയ്തു-അദ്ദേഹം വിവരിച്ചു.
ഭീകരര്‍ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. ഇടക്ക് പ്രമേഹത്തിന്റെ കാര്യം അറിയിച്ചപ്പോള്‍ അതിനുള്ള മരുന്നുകള്‍ അവര്‍ നല്‍കി. ഡോക്ടറുടെ സേവനവും ലഭ്യമാക്കി. 18 മാസം ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണ് മൂടിക്കെട്ടിയാണു കൊണ്ടുപോയത്. ഭീകരര്‍ അറബിയാണു സംസാരിച്ചത്. ഇത് ആശയവിനിമയത്തിനു പ്രയാസം സൃഷ്ടിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തതാണു നാട്ടിലേക്കുള്ള യാത്രയ്ക്ക് തടസമാകുന്നതെന്നും അത് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ശരിയാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."