ഇ.എസ്.ഐ പദ്ധതിയില്‍ 18 പുതിയ ഡിസ്‌പെന്‍സറികള്‍ ആശുപത്രികളില്‍ മരുന്ന് വാങ്ങുന്നതിന് 32 കോടി രൂപ
തിരുവനന്തപുരം: പത്തുലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) പദ്ധതി കേരളത്തില്‍ കൂടുതല്‍ വിപുലമാകുന്നു. സംസ്ഥാനത്ത് 18 പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിനും അതിനായി 162 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ ഇ.എസ്.ഐ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തൊഴിലാളിക്ക് പദ്ധതിയില്‍ തുടരുന്നതിനുള്ള പ്രതിമാസ വരുമാന പരിധി 15,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കി കഴിഞ്ഞ ജനുവരിയില്‍ ഉയര്‍ത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്നവരുടെ സംഖ്യ 7.8 ലക്ഷം എന്നത് ഇപ്പോള്‍ 9.26 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഏകദേശം 35 ലക്ഷം പേരാണ് ഇ.എസ്.ഐ ഗുണഭോക്താക്കളായിട്ടുള്ളത്.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പിന് കീഴിലുള്ള ഒന്‍പത് ഇ.എസ്.ഐ ആശുപത്രികളില്‍ ഒരു കോടി എട്ടു ലക്ഷം രൂപ മുടക്കി കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രഫി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന് ഇതിനോടകം പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും കെട്ടിടങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്നു കോടി രൂപയും അനുവദിച്ചു. കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് 20 സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇ.എസ്.ഐ ആശുപത്രികളില്‍ മരുന്ന് വാങ്ങുന്നതിന് 32 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍നിന്ന് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ അനുസരിച്ച് മരുന്ന് വാങ്ങുന്നതിന് വകുപ്പിന് അനുമതി നല്‍കുകയും ചെയ്തു.
ഇ.എസ്.ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഒ.പി വിഭാഗം, പേരൂര്‍ക്കട, ഫറോക്ക് ഇ.എസ്.ഐ ആശുപത്രികളില്‍ കാന്‍സര്‍ ഡിറ്റക്ഷന്‍ യൂണിറ്റ്, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ്, ഫറോക്ക്, പാലക്കാട് ഇ.എസ്.ഐ ആശുപത്രികളില്‍ ആയുര്‍വേദ ക്ലിനിക്കുകള്‍, എട്ട് ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആറ് കിടക്കകളുള്ള ഡിസ്‌പെന്‍സറികള്‍ ആയി ഉയര്‍ത്തല്‍, ലാബോറട്ടറികളുടെ ആധുനികവല്‍ക്കരണം തുടങ്ങിയവയും ഉടന്‍ നടപ്പിലാക്കും.
ഇ-ഗവേണന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലും ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടി കംപ്യൂട്ടര്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."