ദിലീപുമായി വ്യക്തിബന്ധമില്ല; പൊലിസിനെ കണ്ണടച്ചുവിശ്വസിക്കാനാകില്ല: സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനൊപ്പം താന്‍ നിന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍. തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആരോപണം ഗുരുതരമായ ആക്ഷേപമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ കൊച്ചിയില്‍ പറഞ്ഞു. ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ലേഖനത്തില്‍ നീതിന്യായ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ആക്രമിക്കപ്പെട്ട യുവതിക്ക് നീതി ലഭിക്കുകതന്നെ വേണം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് മുഴുവനും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയില്ല. കേസ് അന്വേഷണം നീണ്ടുപോകുന്നതിനെ കഴിഞ്ഞദിവസം ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. അതുതന്നെയാണ് താനും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ വിവാഹത്തിന് പോയെന്നല്ലാതെ ദിലീപുമായി വ്യക്തിബന്ധമില്ല. സമൂഹം ഒന്നടങ്കം ദിലീപിനെതിരേ നിന്നപ്പോഴാണ് ഇപ്രകാരമൊരു ലേഖനമെഴുതിയത്. കുറ്റാരോപിതനും നീതിലഭിക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നത്.
ലേഖനമെഴുതിയതിനെ തുടര്‍ന്ന് ലോകത്തെവിടെയുമില്ലാത്ത നീക്കങ്ങളാണ് തന്റെ സ്ഥാപനത്തില്‍ നടക്കുന്നത്. ചീഫ് എഡിറ്ററായ താന്‍ രാജിവയ്ക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതേത്തുടര്‍ന്ന് രണ്ട് ദിവസമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."