കൊച്ചിയില്‍ പന്തുരുളും: കടമുറികള്‍ ഒഴിപ്പിക്കുന്നതില്‍ സമവായത്തിന് വഴി തെളിയുന്നു
കൊച്ചി: ഫിഫയുടെ അന്ത്യശാസനം നിലനില്‍ക്കുന്നതിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിയുന്നതില്‍ സമവായത്തിന് വഴി തെളിയുന്നു. സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തിനായി നിശ്ചിത തുക നല്‍കുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
സ്റ്റേഡിയത്തില്‍ കടമുറികള്‍ വാടകയ്ക്ക് എടുത്ത 45 വ്യാപാരികള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി ഒക്ടോബര്‍ 25 വരെ കടമുറികള്‍ അടച്ചിടാനാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടകള്‍ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദേശ പ്രകാരം വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) നോട്ടിസ് നല്‍കിയിരുന്നു.
ഇത് ചോദ്യം ചെയ്ത് വ്യാപാരികള്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സുരക്ഷയുടെ പേരില്‍ ഒരു മാസത്തേക്ക് കടകള്‍ അടച്ചിടേണ്ടി വരുമെന്നും ഇതിനുള്ള നഷ്ടപരിഹാരമായി നിശ്ചിത തുക വ്യാപാരികള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇന്നലെ ഹരജി പരിഗണിക്കവെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. നഷ്ടപരിഹാര തുക എത്രയാകണം, ഇതിനായി കമ്മിറ്റിക്ക് രൂപം നല്‍കുമ്പോള്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിനായി നാളെ ഹരജി വീണ്ടും പരിഗണിക്കും.
സുരക്ഷാ ക്രമീകരണം തൃപ്തികരമല്ലെങ്കില്‍ കൊച്ചിയിലെ മത്സരങ്ങള്‍ മറ്റ് വേദികളിലേക്കു മാറ്റുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോ പാര്‍ക്കിന് കീഴിലുള്ള ടെക്‌നോളജി ബിസിനസ് സെന്റര്‍ (ടി.ബി.എസ്) മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലോ കാക്കനാട്ടെ ഇന്‍ഫോ പാര്‍ക്ക് കാംപസിലേക്കോ മാറ്റാനാണ് തീരുമാനം.
ഇവിടുത്തെ ജീവനക്കാരോട് ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ ഋഷികേശ് നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."