ആത്മവിശ്വാസത്തോടെ ഇന്ത്യ
കൊച്ചി: കൗമാരത്തിന്റെ മാസ്മരിക പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് കാല്‍പന്തുകളി പ്രേമികള്‍. അണ്ടര്‍ 17 ലോകകപ്പിന്റെ കിക്കോഫിന് ഇനി 19 ദിനങ്ങളുടെ അകലം മാത്രം. ഫുട്‌ബോള്‍ ലോകത്തെ നാളെയുടെ ഇന്ദ്രജാലക്കാര്‍ രാജ്യത്തെ ആറ് വേദികളിലായി പന്തുതട്ടും. ഫിഫ ലോകകപ്പ് ഇന്ത്യയിലേക്ക് ആദ്യമായി വിരുന്നെത്തുമ്പോള്‍ ലോകത്തെ പ്രതിനിധീകരിച്ച് 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കൊളംബിയയും ഘാനയും നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡും തുര്‍ക്കിയും ഏറ്റുമുട്ടുന്നതോടെ പോരാട്ടത്തിന് തുടക്കമാകും.
ആതിഥേയരെന്ന നിലയില്‍ കളിക്കാന്‍ അവസരം കിട്ടിയാണ് ഇന്ത്യ ലോക പോരിനിറങ്ങുന്നത്. കൗമാരത്തിന്റെ വിശ്വമേളയില്‍ പന്തുതട്ടാനുള്ള പടയൊരുക്കത്തിലാണ് ബ്ലൂ കബ്‌സ് വിളിപ്പേരുള്ള ഇന്ത്യ. ഗോവയില്‍ പരിശീലനകളരി പുരോഗമിക്കുന്നു. വരുംകാല ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്താകാന്‍ പ്രയത്‌നിക്കുകയാണ് നിലവിലെ കൗമാരക്കൂട്ടം. ഗോവയിലെ ക്യാംപില്‍ നിന്ന് 28 അംഗ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ നിന്ന് 22 പേര്‍ക്കാണ് അവസരമുള്ളത്. ടീമിലെ ഏക മലയാളി പ്രതീക്ഷ മുന്നേറ്റ നിര താരം കെ.പി രാഹുലാണ്. അവസാന 22 ടീമിലേക്ക് രാഹുല്‍ തിരഞ്ഞെടുക്കപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം.
യു.എസ്.എയും ഘാനയും കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യ എതിരാളി യു.എസ്.എ. ലോക ഫുട്‌ബോളില്‍ എടുത്തു പറയത്തക്ക പാരമ്പര്യമില്ല. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യമായി ബൂട്ട് കെട്ടുന്നവരാണ് ആതിഥേയര്‍. ഈ സൗഭാഗ്യത്തിലൂടെ ഫുട്‌ബോള്‍ ലോകത്ത് സ്വന്തം മേല്‍വിലാസം കുറിക്കാനുള്ള ആവേശത്തിലാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ടീം. ലോകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പന്തു തട്ടുമ്പോള്‍ പൊരുതി കയറാമെന്ന ആത്മവിശ്വാസം മാത്രമാണ് കൈമുതല്‍.
ലോകകപ്പിലേക്ക് വന്ന വഴി
ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ടു പ്രവേശനം. 2015 ലെ സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ റണ്ണേഴ്‌സ് അപ്പ്. വിജയത്തിലേക്ക് കുതിക്കുമ്പോഴും ഇടയ്ക്കിടെ രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ കാലിടറി വീണു. 2016 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി)അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി. ഗ്രൂപ്പ് പോരില്‍ ഇറാനും യു.എ.ഇയും പരാജയപ്പെടുത്തി. സഊദി അറേബ്യയെ സമനിലയില്‍ കുരുക്കിയ ഒരു പോയിന്റ് മാത്രമായിരുന്നു നേട്ടം. ആതിഥേയത്വം വഹിച്ച അണ്ടര്‍ 16 യൂത്ത് കപ്പിലും ബ്രിക്‌സ് അണ്ടര്‍ 17 ടൂര്‍ണമെന്റിലും വിജയിക്കാനാകാതെ കളം വിടേണ്ടി വന്നു.
തയാറെടുപ്പ്
2015 മുതല്‍ മത്സര പരിചയം നേടാന്‍ ടീം വിദേശ പര്യടനങ്ങളില്‍ മുഴുകി. സ്‌പെയിന്‍, ദുബൈ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ജര്‍മനി, മെക്‌സിക്കോ രാജ്യങ്ങളില്‍ സന്നാഹ മത്സരങ്ങളില്‍ പൊരുതി. വിദേശ പര്യടനം ടീമിന് ഏറെ ആത്മവിശ്വാസമാണ് സമ്മാനിച്ചത്.
ശക്തിയും ദൗര്‍ബല്യവും
പ്രതിരോധ നിരയില്‍ നിന്ന് നീളന്‍ പാസുകള്‍ സ്വീകരിച്ചു ഇരു വശങ്ങളിലൂടെയുമുള്ള അതിവേഗ നീക്കങ്ങള്‍ നടത്താനുള്ള മികവ്. പന്തടക്കത്തിലും പാസിങ്ങിലും മെച്ചപ്പെടാന്‍ ഏറെയുണ്ട്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് ടീം ഇന്ത്യ.
സ്റ്റാര്‍ പ്ലയേഴ്‌സ്
അനികേത് ജാദവ് എന്ന കൗമാരക്കാരന്‍ ആണ് ആക്രമണത്തിന്റെ കുന്തമുന. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി പ്രതീക്ഷ. ഗോള്‍ അടിക്കാനുള്ള മിടുക്ക് ഇന്ത്യയുടെ ഭാവി ഗോളടി യന്ത്രമെന്ന വിശേഷണം ലഭിച്ചു. നായകനായ സുരേഷ് സിങ് വാങ്ജാം പ്ലേ മേക്കര്‍ റോളില്‍ തിളങ്ങുന്ന മിഡ്ഫീല്‍ഡ് ജനറലാണ്.
തന്ത്രങ്ങള്‍ ഒരുക്കി മാറ്റോസ്
ലൂയി നോര്‍ട്ടന്‍ ഡി മാറ്റോസ്. പോര്‍ച്ചുഗലിന്റെ മുന്‍ ദേശീയ താരം. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ നിക്കോളയ് ആദമിനെ പറഞ്ഞു വിട്ടപ്പോള്‍ പകരക്കാരനായി വന്നതാണ് മാറ്റോസ്. കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ആദമിന് പകരം പരിശീലക ചുമതല ഏറ്റെടുത്തത്. തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ മിടുക്കനാണ്. പോര്‍ച്ചുഗല്‍ ക്ലബ് എസ്.എല്‍ ബെന്‍ഫിക്ക ബീ ടീമിന്റെ മുന്‍ പരിശീലകനായിരുന്നു. പിഴവില്ലാത്ത പ്രതിരോധ കോട്ട ഒരുക്കുക. വശങ്ങളിലൂടെ മിന്നല്‍ നീക്കങ്ങള്‍ സൃഷ്ടിച്ച് എതിരാളികളെ വിറപ്പിക്കുക എന്നിവയാണ് മാറ്റോസിന്റെ പ്രധാന തന്ത്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."