മാണിയുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍
വലിയ കൂട്ടലും കിഴിക്കലും നടത്തിയുള്ള രാഷ്ട്രീയ പരീക്ഷണമാണ് കെ.എം മാണി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ലോക്ക് ആയി നില്‍ക്കാനുള്ള തീരുമാനം. വളരെ കണക്കുകൂട്ടിയെടുത്ത തീരുമാനമാണത്. എന്നാലിത് അച്ഛന്റേയും മകന്റേയും അവരുടെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുമോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫ് വിടാന്‍ ഉന്നയിച്ച കാരണങ്ങള്‍ അതുന്നയിച്ചവര്‍ക്കുപോലും ദഹിക്കുമൊ എന്നാണ് സംശയം.
ബാര്‍കോഴ വിവാദം ഉണ്ടാക്കി മാണിയേയും പാര്‍ട്ടിയേയും മുന്നണിയില്‍ തളച്ചിടാന്‍ നോക്കിയെന്നാണ് പ്രധാന കാരണമായി പറയുന്നത്. പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരേയാണ് സാധാരണ തളച്ചിടാന്‍ നോക്കുക. എന്നുവച്ചാല്‍ കൂടുതല്‍ പച്ചപ്പുതേടി മാണിയും കൂട്ടരും പുറത്തുപോകാന്‍ ശ്രമിച്ചെന്നും അതറിഞ്ഞ് ബാര്‍ കോഴ വിവാദം ഉണ്ടാക്കി മാണിയെ യു.ഡി.എഫില്‍ തളച്ചിടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നുമാണൊ ? കിടക്ക പങ്കിട്ട് ഉറങ്ങുന്നതിനിടെ പങ്കാളി അറിയാതെ പരബന്ധത്തിന് തുനിയുന്നതിന്റേയും അത് തടയാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നതിന്റേയും ശരി തെറ്റുകളും സദാചാര വിചാരണയും വേറെ വിഷയമാണ്.
മാത്രമല്ല ബാര്‍ കോഴ വിവാദത്തില്‍ മാണി ഉത്തരം പറയേണ്ട വേറെയും കാര്യങ്ങളുണ്ട്. വിവാദമുണ്ടാക്കിയ ബിജുരമേശ് കോണ്‍ഗ്രസ് നേതാവാണോ എന്നും വി.എസ് സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മാണിക്കെതിരേ കേസ് എടുക്കാന്‍ നിര്‍ബന്ധിതമായ ശേഷം ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മാണി രാജിവെക്കേണ്ടി വന്നതും മറ്റാരുടേയെങ്കിലും തലയില്‍ വെച്ചുകെട്ടുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും മാണി വ്യക്തമാക്കേണ്ടി വരും. കൂടാതെ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തുതന്നെ വിജിലന്‍സ് മാണിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെപ്പറ്റിയും മാണി വിശദീകരിക്കേണ്ടി വരും.
ബജറ്റ് വില്‍പ്പനയും ബാര്‍കോഴയും ആരോപിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും തെരുവിലും മാധ്യമങ്ങളിലൂടെയും മാണിയെ വേട്ടയാടിയപ്പോള്‍ പ്രതിരോധിക്കുകയും നിയമസഭാ വേദി തന്നെ തകര്‍ക്കുന്നതില്‍ എത്തിച്ച മാണിയുടെ ബജറ്റ് അവതരണത്തിന് സംരക്ഷണം നല്‍കുകയും ചെയ്ത യു.ഡി.എഫ് മാണിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണെങ്കില്‍ യു.ഡി.എഫ് വിടാന്‍ ഭരണത്തിന്റെ അവസാന പങ്കും പറ്റുന്നതുവരെ കാത്തിരിക്കണമായിരുന്നൊ ?. പിന്നെ തെരഞ്ഞെടുപ്പില്‍ കാലുവാരി തോല്‍പ്പിച്ചുവെന്ന് യു.ഡി.എഫില്‍ സ്ഥിരം പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മാണിയുടെ വാദങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുമോയെന്നത് കണ്ടറിയണം. കര്‍ഷക പട്ടയ പ്രക്ഷോഭവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമാണെങ്കില്‍ എത്രയോ പഴകിയതും പരിഹരിക്കപ്പെട്ടതുമായ വിഷയങ്ങളാണ്. ഇക്കാര്യങ്ങളില്‍ ബി.ജെ.പിയില്‍ നിന്നോ എല്‍.ഡി.എഫില്‍ നിന്നോ പുതിയ ഉറപ്പുകള്‍ വല്ലതും കിട്ടിയിട്ടുണ്ടോ?
യഥാര്‍ഥകാരണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോഴാണ് ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ 'മാണിയന്‍ കൂര്‍മ്മ ബുദ്ധി' വെളിവാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഇനി മൂന്നുവര്‍ഷം ബാക്കിയുണ്ട്. അതുപോലെ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പുകളിലേക്ക് ഏതാണ്ട് അഞ്ചുവര്‍ഷവും. മൊത്തത്തില്‍ അടുത്തൊന്നും തെരഞ്ഞെടുപ്പുകളില്ലാത്ത ഈ കാലയളവ് പുതിയ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയമാണ്.
അഞ്ചുവര്‍ഷം ഭരണമില്ലാതിരിക്കുന്നതിലും നല്ലത് ബി.ജെ.പി പക്ഷത്ത് ചേക്കേറി മകനെ കേന്ദ്രമന്ത്രിയാക്കി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയാണ്. അതിനു അണികളെ കിട്ടാതെ വന്നാല്‍ സി.പി എമ്മിനെ പിണക്കാതെ വിജിലന്‍സ് കേസ്സുകളില്‍ നിന്നും തടിയൂരാന്‍ യു.ഡി.എഫില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും അകലംപാലിച്ച് എല്‍.ഡി.എഫിനെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാം. അങ്ങനെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം കൂടി മകനെ ലോക്‌സഭാ അംഗമാക്കാം. പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മകനെയൊ മരുമകളെയോ മത്സരിപ്പിച്ച് മന്ത്രിയാക്കാന്‍ പറ്റുമോയെന്ന് പരീക്ഷിക്കുക. ഇതൊന്നും നടന്നില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫിലേക്ക് തിരിച്ചുവരിക.
ഇതിനൊക്കെ പുറമെ ബാര്‍കോഴ വിവാദം യു.ഡി.എഫില്‍ ചിലരുണ്ടാക്കിയതാണെന്ന് വരുത്തി തീര്‍ത്ത് രക്തസാക്ഷി പരിവേഷം അണിഞ്ഞ് പ്രതിഛായ മിനുക്കുക. യു.ഡി.എഫ് വിടുന്ന പ്രഖ്യാപനത്തിനു മുമ്പ് സഭയേയും വിശ്വാസികളേയും കയ്യിലെടുക്കാന്‍ നല്ല ഇടയനായുള്ള ധ്യാനവും. എങ്ങനെ കൂട്ടിക്കിഴിച്ചാലും ലാഭമല്ലാതെ നഷ്ടമില്ലാത്ത രാഷ്ട്രീയ പരീക്ഷണം. കുശാഗ്രബുദ്ധിയോടെയുള്ള മാണിയുടെ നീക്കങ്ങള്‍ എത്രകണ്ടു വിജയിക്കുമെന്ന് കണ്ടറിയാം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."