സി.പി.എം അക്രമം അപലപനീയം: യൂത്ത് ലീഗ്
കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട അസ്‌ലം എന്ന ചെറുപ്പക്കാരനെ മാരകമായി വെട്ടിക്കൊന്ന സി.പി.എം നടപടിയെ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു. കോടതി വിചാരണ നടത്തി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ ആള്‍ക്കെതിരേ പാര്‍ട്ടിക്കോടതി ശിക്ഷാവിധി നടപ്പിലാക്കുന്നത് തുടരുകയാണ്. പിണറായി ഭരണത്തില്‍ പാര്‍ട്ടിനീതി മാത്രമേ നടപ്പിലാകൂയെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. കോടതി വെറുതെവിട്ടാലും സി.പി.എം കോടതിയില്‍ നിന്നു രക്ഷപ്പെടാനാകില്ലെന്ന് പ്രദേശത്ത് സി.പി.എം പരസ്യമായി കൊലവിളി നടത്തുകയുണ്ടായി.
കൊലയ്ക്കു പകരം കൊലയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വരമ്പത്ത് കൂലി കൊടുക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനവും സി.പി.എം ഭരണത്തില്‍ അണികള്‍ക്ക് അഴിഞ്ഞാടാനുള്ള ആഹ്വാനമായിരുന്നു. സെല്‍ഭരണം അടിച്ചേല്‍പ്പിക്കാനുള്ള സി.പി.എം നീക്കങ്ങള്‍ക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഉണരണമെന്ന് യൂത്ത്‌ലീഗ് സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ സ്വാഗതം പറഞ്ഞു. കെ.എം അബ്ദുല്‍ ഗഫൂര്‍, കെ.പി.ത്വാഹിര്‍, സി.പി.എ അസീസ്, പി.എ അഹമ്മദ് കബീര്‍, സി.എച്ച് ഇഖ്ബാല്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുറഹിമാന്‍, അഷറഫ് മടാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."