നശിപ്പിച്ചു കളയരുത് മൈതാനത്തെ
ബോവിക്കാനം: നാടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തു പകരേണ്ട മൗലാന അബ്ദുല്‍ കലാം ആസാദ് മൈതാനം തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ നാശത്തിന്റെ വക്കില്‍. 30 വര്‍ഷം മുന്‍പാണു ബോവിക്കാനം എ.യു.പി സ്‌കൂളിനു സമീപത്തായി ഒരേക്കറോളം സ്ഥലത്ത് പവലിയനും ഇരിപ്പിടവും അടക്കമുള്ള മൈതാനം പഞ്ചായത്ത് നിര്‍മിച്ചത്. മൂന്നു മുറികളും ഒരു ശുചിമുറിയുമടക്കം പണിത പവലിയന്റെ വാതിലുകളും ജനാലകളും ചുമരിന്റെ കല്ലുകളും ഉള്‍പ്പടെ സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ഈ കെട്ടിടം ആറുവര്‍ഷം മുമ്പ് അധികൃതര്‍ പൊളിച്ചു മാറ്റുകയായിരുന്നു.
കരിങ്കലും ചെങ്കലും കൊണ്ടു നിര്‍മിച്ച മൈതാനത്തെ ഇരിപ്പിടമിപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മൈതാനത്തിന്റെ ചുറ്റു ഭാഗം കെട്ടി പൊക്കിയ കല്ലുകളെല്ലാം പലയിടത്തും അടര്‍ന്നു വീണതിനാല്‍ മഴക്കാലത്തു വെള്ളം കുത്തിയൊലിച്ചു മൈതാനത്തെ മണ്ണുകളെല്ലാം ഒലിച്ചു പോയി പലഭാഗത്തും തകര്‍ന്നു കിടക്കുന്ന അവസ്ഥയിലാണിപ്പോള്‍. എതാനും വര്‍ഷം മുമ്പു വരെ ബോവിക്കാനത്തെയും പരിസരങ്ങളിലെയും സ്‌കൂളുകളുടെയും മറ്റു പല സംഘടനകളുടെയും കലാ-കായിക പരിപാടികള്‍ നടത്താന്‍ ഈ മൈതാനത്തെയാണ് ആശ്രയിച്ചിരുന്നത്.
മൈതാനങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പൈക്ക പദ്ധതി മുഖേന നിരവധി ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇത്തരം പദ്ധതികളില്‍ ഉള്‍പ്പെടുത്തി മൈതാനത്തെ സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. നിരവധി ജില്ലാതല കലാകായിക മത്സരങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പഞ്ചായത്ത് മൈതാനം പുതുക്കി പണിയാനുള്ള നടപടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നാണ് മുളിയാറിലെ കായിക പ്രേമികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."