തടസം പറഞ്ഞ് ധനവകുപ്പ്: പി.എസ്.സി ലിസ്റ്റായിട്ടും ഫീല്‍ഡ്‌വര്‍ക്കര്‍ നിയമനം ഇഴയുന്നു
കൊട്ടിയം(കൊല്ലം): ധനവകുപ്പ് തടസവാദം ഉന്നയിച്ചതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍ നിയമനം താളംതെറ്റി. പുതിയ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നപ്പോഴാണ് ഈ ദുര്‍ഗതി. ഇതിനാല്‍ മിക്ക ജില്ലകളിലും താല്‍ക്കാലിക ജീവനക്കാരാണ് പകരം ജോലി ചെയ്യുന്നത്.
പുതിയ ഫീല്‍ഡ്‌വര്‍ക്കര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് മാസങ്ങളായി. എന്നാല്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്ന ധനവകുപ്പിന്റെ അനൗദ്യോഗിക നിര്‍ദേശമാണ് ഇപ്പോള്‍ വില്ലനാകുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലിസ്റ്റ് വന്നത്. ഗ്ലാമര്‍ പോസ്റ്റുകളല്ലാത്തതിനാല്‍ പി.എസ്.സിക്ക് ഫീല്‍ഡ് വര്‍ക്കര്‍ പോലുള്ള പരീക്ഷകളുടെ റാങ്ക്‌ലിസ്റ്റ് പുറത്തിറക്കാന്‍ മടിയാണെന്ന് നേരത്തേ ആരോപണമുണ്ട്്. മിക്കയിടത്തും ലിസ്റ്റ് പുറത്തിറക്കാന്‍ രണ്ടുവര്‍ഷത്തോളം സമയമെടുത്തിരുന്നു.
രണ്ടര വര്‍ഷമായി ഫീല്‍ഡ് വര്‍ക്കര്‍ റാങ്ക്‌ലിസ്റ്റ് ഭൂരിഭാഗം ജില്ലകളിലും ഉണ്ടായിരുന്നില്ല. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പകര്‍ച്ചവ്യാധികള്‍ ഏറെയുണ്ടാകുന്നത്. ഈ ജില്ലകളില്‍ പുതിയ റാങ്ക്‌ലിസ്റ്റുകള്‍ വന്നിട്ട് രണ്ടുമാസത്തിലേറെയായി.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തെക്കന്‍ ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഫലത്തില്‍ നിര്‍ജീവമാണ്.
വയറിളക്കവും ഡെങ്കിയും അടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആലപ്പുഴയില്‍ മാത്രമാണ് ലിസ്റ്റ് അല്‍പമെങ്കിലും ചലിച്ചത്. ഇവിടെ ലിസ്റ്റ് വന്നിട്ട് 10 മാസം പിന്നിട്ടപ്പോള്‍ 29 പേരുടെ നിയമനമാണ് നടന്നത്. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി ഫീല്‍ഡ് വര്‍ക്കര്‍ നിയമനമേ നടന്നിട്ടില്ല. കൂടുതല്‍ ഒഴിവുകള്‍ ഉണ്ടെങ്കിലും 15 ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷമായി ലിസ്റ്റില്ലാതിരുന്ന കൊല്ലത്ത് ഇതുവരെ 2 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്ത്.
കൊല്ലത്ത് ഈ ഒഴിവുകളിലേയ്ക്ക് 2 പേരെ അഡൈ്വസും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തുണ്ടാകുന്ന ഒഴിവുകളടക്കമുള്ള വിവരങ്ങള്‍ കൃത്യമായി വെബ്‌സൈറ്റ് വഴി പി.എസ്.സി അറിയിക്കാറില്ല.
ജനസംഖ്യാനുപാതികമായി ആരോഗ്യവകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക ഇല്ലെന്നും ആക്ഷേപമുണ്ട്.
നിലവില്‍ എത്ര ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളാണ് ഉള്ളതെന്ന വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും വകുപ്പ് മേധാവികള്‍ പലപ്പോഴും വ്യത്യസ്ത കണക്കുകളാണ് നല്‍കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."