തീര്‍ഥാടകര്‍ മക്കയിലേക്ക്; സംവിധാനങ്ങളൊരുക്കി ഹജ്ജ് മിഷന്
മക്ക: മദീനയില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ മക്കയിലേക്ക് പുറപ്പെട്ടു തുടങ്ങി. പ്രഥമ ഹജ്ജ് സംഘത്തിലെ തീര്‍ഥാടകരാണ് വെള്ളിയാഴ്ച ജുമുഅക്കുശേഷം മക്കയിലേക്ക് പുറപ്പെട്ടത്. ആദ്യസംഘത്തിലെ 340 പേരടങ്ങുന്ന സംഘം മദീനയിലെ ചരിത്രകേന്ദ്രങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. മറ്റു തീര്‍ഥാടകരും അടുത്തദിവസങ്ങളില്‍ മക്കയിലേക്കു യാത്ര തിരിക്കും.
ഇവരെ സ്വീകരിക്കാന്‍ മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സേവനം ലഭ്യമാക്കും. മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള തീര്‍ഥാടകര്‍ക്ക് മിസ്ഫല, അജ്യാദ്, ഉമ്മുല്‍ ഖുറാ റോഡ്, ശിഹബ് ആമിര്‍ എന്നിടങ്ങളിലാണ് താമസ സൗകര്യം. ബാക്കിയുള്ളവര്‍ക്ക് അസീസിയയിലെ മറ്റൊരു കേന്ദ്രത്തിലുമാണ് സൗകര്യം ചെയ്തിരിക്കുന്നത്. അസീസിയ കാറ്റഗറിയില്‍ താമസക്കാര്‍ക്ക് വിശുദ്ധ ഹറമില്‍ എത്തിച്ചേരുന്നതിനു 200 പേര്‍ക്ക് ഒരു ബസ് എന്ന രീതിയില്‍ 24 മണിക്കൂര്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസീസിയയിലും ശിഹബ് ആമിറിലും 140 കിടക്കകള്‍ ഉള്ള രണ്ടു ആശുപത്രികളും സംവിധാനിച്ചിട്ടുണ്ട്. 30 ക്ലിനിക്കുകളിലുമായി 108 ഡോക്ടര്‍മാരും 142 പാരാ മെഡിക്കല്‍ സ്റ്റാഫും 242 ജോലിക്കാരും 13 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും തീര്‍ഥാടകര്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിനുമായി 8002477786 എന്ന നമ്പറില്‍ സദാസമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്കും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് മിഷന് ഓഫിസ് ഇന്‍ചാര്‍ജ് അബ്ദുസ്സലാമിന്റെ നേതൃത്വത്തിലാണ് സേവനങ്ങള്‍ ഒരുക്കുന്നത്. മക്കയില്‍ വിവിധ മലയാളി സംഘടനകള്‍ കഴിഞ്ഞ വര്‍ഷം മികച്ച സേവനമാണ് വളണ്ടിയര്‍ സേവന രംഗത്തു കാഴ്ച്ചവച്ചതെന്നും ഈ വര്‍ഷവും അത് തുടരണമെന്നും ഹജ്ജ് മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."