ചേലാകര്‍മത്തിന് വിധേയരായ സ്ത്രീകളെ കണ്ടെത്താനായില്ല:ചാനലുടമയുടെ ശകാരത്തില്‍ മാധ്യമപ്രവര്‍ത്തക ബോധംകെട്ടു വീണു
കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ ചേലാകര്‍മത്തെക്കുറിച്ചുള്ള ചാനല്‍ പരിപാടിക്കു ഇരയെ കണ്ടെത്താനാവാത്ത ചാനല്‍ പ്രവര്‍ത്തകയ്ക്ക് മേലുദ്യോഗസ്ഥന്റെ ശാസന. ഇതിനെ തുടര്‍ന്ന് ബോധം കെട്ടുവീണ മാധ്യമ പ്രവര്‍ത്തകയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടി തയാറാക്കാനേല്‍പ്പിച്ച മാധ്യമ പ്രവര്‍ത്തകക്കാണ് കൊച്ചിയിലെ ഓഫിസില്‍വച്ച് ദുരനുഭവമുണ്ടായത്. തന്റെ ഫേസ്ബുക്കില്‍ മാധ്യമ പ്രവര്‍ത്തക തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പെഴുതിയത്. സ്ത്രീകളുടെ ചേലാകര്‍മം ചെയ്യുന്നതായി വാര്‍ത്തകളില്‍ വന്ന കോഴിക്കോട്ടെ ആശുപത്രിയിലും മറ്റു പ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും ഒരാളേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതു കാരണം ചേലാകര്‍മം ചെയ്യപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ കമന്റുകളില്ലാതെയാണ് പരിപാടി തയാറാക്കിയത്. എന്നാല്‍, ഇരയായ സ്ത്രീയുടെ സംസാരം ഇല്ലാതെ പരിപാടി സംപ്രേഷണം ചെയ്യാനാവില്ലെന്നു പറഞ്ഞു മേലുദ്യോഗസ്ഥനും ചാനല്‍ ഉടമയും നിരന്തരം സമ്മര്‍ദം ചെലുത്തുകയും ശകാരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തക പറയുന്നത്. ചേലാകര്‍മം ചെയ്യപ്പെട്ട മുസ്‌ലിം സത്രീയെ കണ്ടെത്താനായി പലരുമായി ബന്ധപ്പെട്ടെന്നും, എന്നാല്‍ ഒരാളെ പോലും കണ്ടെത്താനായില്ലെന്നും ഇവര്‍ പറയുന്നു. അഭിമുഖത്തിനായി കണ്ടെത്തിയ സ്ത്രീകളെല്ലാം ചേലാകര്‍മം മാധ്യമ സൃഷ്ടിയാണെന്ന വിവരമാണ് മാധ്യമ പ്രവര്‍ത്തകക്കു നല്‍കിയത്.
ചേലാകര്‍മത്തിനിരയായവരെ കണ്ടെത്തിത്തരികയോ റഫറന്‍സ് നല്‍കുകയോ ചെയ്താല്‍ പോയി അഭിമുഖം എടുത്തുതരാമെന്നു താന്‍ ഉടമയെ അറിയിച്ചിട്ടും അവര്‍ക്കാര്‍ക്കും ഒരാളെ പോലും കണ്ടെത്താനായില്ലെന്നും മാധ്യമ പ്രവര്‍ത്തക കുറിപ്പില്‍ പറയുന്നു. മുസ്‌ലിം സ്ത്രീകളുടെ ബൈറ്റ് (അഭിമുഖം) എവിടെയാണെന്നു ചോദിച്ചു മേലുദ്യോഗസ്ഥന്‍ പല തവണ വിളിച്ചുവത്രെ. രണ്ടു മൂന്നു മുസ്‌ലിം സ്ത്രീകളുടെ ബൈറ്റില്ലാതെ എപ്പിസോഡ് സംപ്രേഷണം ചെയ്യില്ലെന്നു അന്ത്യശാസനവും നല്‍കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ: 'അസൈന്‍മെന്റ് കോഴിക്കോട് ചേലാകര്‍മം, രാവിലെ ആറു മണിയോടെ ഞാനും കാമറ ടീമും കോഴിക്കോട്ടേക്ക്, പത്രത്തില്‍ വന്ന കുറച്ച് വാര്‍ത്താ ശകലങ്ങളും ഒരു എഫ്.ബി പോസ്റ്റും മാത്രമാണ് അറിയാവുന്ന വിവരങ്ങള്‍. ഗൂഗ്ള്‍ അമ്മച്ചിയ്ക്കും വലിയ വിശേഷങ്ങള്‍ പറഞ്ഞു തരാനില്ലായിരുന്നു, ഇനി രക്ഷ കോഴിക്കോട്ടുകാരനായ നമ്മുടെ സംഘാടകനാണ്, ഉച്ചയോടെ സ്ഥലത്തെത്തി...ആളെ കണ്ടെത്തി... സംസാരിച്ചു... വേണ്ടുന്ന ആളുകളെ കുറിച്ച് പറഞ്ഞു.. അദ്ദേഹം ഒന്നു രണ്ടു നമ്പര്‍ തന്നു.... ആദ്യത്തെ നമ്പരില്‍ വിളിച്ചു... ആമുഖങ്ങളെല്ലാം മാധ്യമങ്ങളുടെ നേരെയുള്ള ആരോപണങ്ങള്‍.. ഒടുവില്‍ കാമറക്കു മുന്നില്‍.... ചേലാകര്‍മം സ്ത്രീകളിലോ...? ഇതെല്ലാം മാധ്യമ സൃഷ്ടി... ഇക്കാലത്ത് എവിടെയും ഞാന്‍ കേട്ടിട്ടില്ല'. പരിപാടി ചാനല്‍ സംപ്രേഷണം ചെയ്യുമ്പോള്‍ താന്‍ ആശുപത്രിയിലാണെന്നു പറഞ്ഞുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തക കുറിപ്പ് അവസാനിപ്പിക്കുന്നത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ പ്രാകൃതമായ രീതീയില്‍ ചേലാ കര്‍മം ചെയ്യുന്നുവെന്ന വാര്‍ത്തകളും പ്രതികരണങ്ങളും ഈയടുത്ത് വിവാദമുയര്‍ത്തിയിട്ടും ഇതിനു വിധേയായ ഒരാളെ കേരളത്തില്‍ കണ്ടെത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് പോലും കഴിഞ്ഞില്ല എന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."