ഫാത്തിമ സോഫിയ കൊലക്കേസ്: പുരോഹിതര്‍ കീഴടങ്ങി
2പാലക്കാട്: വാളയാര്‍ ചന്ദ്രാപുരത്തെ സെന്റ്‌സിലാസ് പള്ളിക്കടുത്തുള്ള വികാരിയുടെ വീട്ടില്‍ പതിനേഴുകാരി കൊല്ലപ്പെട്ട കേസില്‍ വിവരം പൊലിസില്‍ അറിയിക്കാതെ മറച്ചുവച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലു പുരോഹിതന്മാര്‍ പാലക്കാട് ഡിവൈ.എസ്.പി എം.സുല്‍ഫിക്കര്‍ മുമ്പാകെ കീഴടങ്ങി.
വാളയാര്‍ ചന്ദ്രാപുരം സെന്റ്‌സിലാസ് പള്ളി വികാരി ഫാ. മതലൈമുത്തു, കോയമ്പത്തൂര്‍ കാട്ടൂര്‍ ക്രൈസ്റ്റ്കിങ് പള്ളിവികാരി ഫാ. കുളന്തൈരാജ്, കൊയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ വികാരിമാരായ ഫാ. ആരോഗ്യസ്വാമി, ഫാ. മേല്‍ക്ക്യൂര്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്വന്തം ജ്യാമ്യത്തില്‍ വിട്ടയച്ചു. കോയമ്പത്തൂര്‍ ബിഷപ് ഡോ. തോമസ് അക്വുനസ് ഹാജരായില്ല.
ഈ കേസിലെ മുഖ്യപ്രതി ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബര്‍ ആറിന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് വത്തിക്കാനില്‍നിന്നു പോപ് ഇടപെട്ട് ആരോഗ്യരാജിനെ വൈദികപദവിയില്‍ നിന്നു പുറത്താക്കിയിരുന്നു.
കോയമ്പത്തൂര്‍ സ്വാമിയാര്‍ ന്യൂവീഥിയില്‍ സഹായരാജിന്റെയും ശാന്തി റോസിലിയുടെയും മകള്‍ ഫാത്തിമ സോഫിയയെ ദുരൂഹ സാഹചര്യത്തില്‍ ചന്ദ്രാപുരം സെന്റ്‌സിലാസ് പള്ളിയിലെ വികാരിയായിരുന്ന ഫാ. ആരോഗ്യരാജ് താമസിച്ചിരുന്ന വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. 2013 ജൂലൈ 23നായിരുന്നു സംഭവം.
കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനി ആയിരുന്നു സോഫിയ. സോഫിയയുടെ കുടുംബസുഹൃത്തായിരുന്നു ആരോഗ്യരാജ്. മരണം നടന്ന ദിവസം കോയമ്പത്തൂരിലെ വീട്ടില്‍ നിന്നു സോഫിയയെ ചികില്‍സിക്കുന്ന ഡോക്ടര്‍ വാളയാറില്‍ വരുന്നുണ്ടെന്നു പറഞ്ഞു ആരോഗ്യരാജ് കാറില്‍ കൊണ്ടുവരികയായിരുന്നു.
തൂങ്ങിമരണമെന്നു പറഞ്ഞു വാളയാര്‍ പൊലിസ് ആദ്യം കേസ് എഴുതിത്തള്ളി. ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണമാണെന്നു വ്യക്തമാക്കിയതോടെ സോഫിയയുടെ അമ്മശാന്തി റോസിലി പാലക്കാട് ഫസ്റ്റ്ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മകളുടെ മരണത്തില്‍ സംശയമുണ്ടെന്നു കാട്ടി തുടരന്വേഷണ ഹരജി നല്‍കുകയിരുന്നു. തുടര്‍ന്നുള്ള പൊലിസ് അന്വേഷണത്തില്‍ കൊലപാതകമാണെന്നു തെളിയുകയും ആരോഗ്യരാജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കീഴടങ്ങിയ പുരോഹിതരും കുറ്റക്കാരാണെന്നും ഇവരെയും അറസ്റ്റ് ചെയ്യണമെന്നും ശാന്തി നല്‍കിയ തുടര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് മറ്റുപുരോഹിതരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഓഗസ്റ്റ് 17ന് കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. എം.സുല്‍ഫിക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."