അമിത് ഷായുടെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനത്തെ എന്‍.ഡി.എ ഘടകകക്ഷികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയില്‍നിന്നുള്ള അവഗണനയും വാഗ്ദാനലംഘനവും കാരണം അസ്വസ്ഥരായി നില്‍ക്കുന്ന എന്‍.ഡി.എ ഘടകകക്ഷികളുടെ അടുത്ത പ്രതീക്ഷ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുത്തമാസത്തെ സന്ദര്‍ശനം.
ഒക്ടോബര്‍ മൂന്നിന് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ള കുമ്മനം രാജശേഖരന്റെ യാത്രയുമായി ബന്ധപ്പെട്ട് നാലു ദിവസമെങ്കിലും അമിത് ഷാ കേരളത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടുത്ത നാല് മുതലായിരിക്കും അമിത് ഷാ ഉണ്ടാകുകയെന്നാണ് കരുതുന്നത്.
ഈ സമയത്ത് സംസ്ഥാനത്തെ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ അദ്ദേഹത്തില്‍നിന്നുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളില്‍നിന്നു കുറച്ചുപേരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് ഗ്രൂപ്പിസത്തിന് അറുതിവരുത്താനും പാര്‍ട്ടി ശുദ്ധീകരിക്കാനും അമിത് ഷാ നീക്കം നടത്തുമെന്ന് കരുതുന്നു. ഈ പ്രതീക്ഷയിലാണ് ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള എന്‍.ഡി.എ ഘടകകക്ഷികള്‍.
പുതിയ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നു കരുതുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ അടുത്ത സന്ദര്‍ശനത്തിനു മുന്‍പു കേരളത്തില്‍ നാലുലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാനും സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ടോള്‍ ഫ്രീ നമ്പറുമായി സംസ്ഥാനതലത്തില്‍ 8,000 പ്രവര്‍ത്തകര്‍ക്കു ചുമതലയും നല്‍കിക്കഴിഞ്ഞു. ഓരോരുത്തരും 50 വീതം പേരെ കണ്ടെത്തി ടോള്‍ ഫ്രീ നമ്പറിലൂടെ പാര്‍ട്ടി അംഗത്വമെടുപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഗ്രൂപ്പിസമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുപോലും തിരിച്ചടിയായിനില്‍ക്കുന്നതെന്ന നിലപാടാണ് ബി.ഡി.ജെ.എസിനുളളത്. ഇത് നിരവധി തവണ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതുമാണ്. പക്ഷേ അനുകൂലമായ തീരുമാനമുണ്ടാകുകയോ, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേന്ദ്ര നേതൃത്വം തയാറാകുകയോ ചെയ്യാത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്.
ബി.ജെ.പിയുമായി അകല്‍ച്ച തുടങ്ങിയപ്പോള്‍തന്നെ കേരളത്തിലെ ഇരു മുന്നണികളും ബി.ഡി.ജെ.എസിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുമായി ഒത്തുതീര്‍പ്പ് സാധ്യമായില്ലെങ്കില്‍ എല്‍.ഡി.എഫിലോ, യു.ഡി.എഫിലോ ബി.ഡി.ജെ.എസ് ചേരാനുള്ള സാധ്യതകള്‍ ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."