യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി ലഭിച്ചേക്കും
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി തേടി ഗായകന്‍ കെ.ജെ യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് അപേക്ഷ നല്‍കി. വിജയദശമി ദിവസമായ സെപ്റ്റംബര്‍ 30ന് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാണ് യേശുദാസ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ രതീശന് കത്തു നല്‍കിയത്. ഇന്ന് ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രതീശന്‍ അറിയിച്ചു.
ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം എല്ലാ ഹിന്ദുക്കള്‍ക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍, അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഹിന്ദുമത വിശ്വാസിയാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്കും ദര്‍ശനം അനുവദിക്കുന്ന രീതിയുണ്ട്. ഇതനുസരിച്ച് ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും കൂടി ആരാഞ്ഞതിനു ശേഷം യേശുദാസിനും ക്ഷേത്രദര്‍ശനാനുമതി നല്‍കുമെന്നാണ് സൂചന.
മൂകാംബികയിലും ശബരിമലയിലുമൊക്കെ യേശുദാസ് ദര്‍ശനം നടത്തിയിട്ടുണ്ട്. യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരിക്കല്‍ ചെമ്പൈ ഭാഗവതര്‍ക്കൊപ്പം ശിഷ്യനായ യേശുദാസ് ഗുരുവായൂരില്‍ പാടേണ്ടതായിരുന്നു. എന്നാല്‍, യേശുദാസിന്റെ സാന്നിധ്യം ദേവസ്വം അധികൃതര്‍ വിലക്കി. ഇതില്‍ പ്രതിഷേധിച്ച് ചെമ്പൈ പരിപാടി തന്നെ റദ്ദാക്കി.
അടുത്തുതന്നെയുള്ള തിരുവെങ്കിടം ക്ഷേത്രത്തില്‍ യേശുദാസിനൊപ്പം പരിപാടി അവതരിപ്പിച്ച് ചെമ്പൈ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."