എന്‍.എസ്.എസ്-ബി.ജെ.പി ബന്ധം ഉലയുന്നു: മന്ത്രി കണ്ണന്താനത്തിന് പുഷ്പാര്‍ച്ചനയ്ക്ക് അനുമതി നിഷേധിച്ചു
കോട്ടയം: എന്‍.എസ്.എസ് - ബി.ജെ.പി ബന്ധത്തിലെ അകല്‍ച്ച വീണ്ടും മറനീക്കി. പുതിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി നിഷേധിച്ചതോടെയാണ് ബി.ജെ.പിയോടുള്ള എന്‍.എസ്.എസ് അതൃപ്തി ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നത്.
മന്ത്രിയായ ശേഷം കണ്ണന്താനം വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരേയും പാളയം ഇമാം, ശിവഗിരി അടക്കമുള്ള മഠങ്ങളിലെ സന്ന്യാസിമാര്‍ തുടങ്ങിയവരെയും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനുള്ള അനുമതി തേടിയത്. എന്നാല്‍, കണ്ണന്താനത്തിന് പുഷ്പാര്‍ച്ചനയ്ക്കുള്ള അനുമതി എന്‍.എസ്.എസ് നേതൃത്വം നിഷേധിച്ചു.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്ഥലത്തില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ആദ്യം വിശദീകരിച്ച എന്‍.എസ്.എസ്, പിന്നീട് ജനറല്‍ സെക്രട്ടറിക്ക് സുഖമില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് തിരുത്തി. അതേസമയം, ജനറല്‍ സെക്രട്ടറി പെരുന്നയില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നാണ് സൂചന.
സംഭവം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ കണ്ണന്താനത്തെ അനുകൂലിച്ച് പ്രതികരണങ്ങള്‍ വന്നു. കരയോഗ തലങ്ങളില്‍ ഈ വിഷയം സംബന്ധിച്ച് പ്രതിഷേധ പ്രമേയം കൊണ്ടു വരുന്നതിനുള്ള നീക്കവും ആരംഭിച്ചതായാണ് സൂചന.
നേരത്തെ എം.പിയായ ശേഷം പെരുന്നയിലെത്തിയ സുരേഷ് ഗോപിയെ ഇറക്കി വിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയങ്ങള്‍ അന്ന് സംസ്ഥാനത്തെ വിവിധ കരയോഗങ്ങളില്‍ അവതരിപ്പിച്ചത് വാര്‍ത്തയായിരുന്നു. നിലവിലെ എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍നായരുടെ കരയോഗമായ പത്തനംതിട്ട വെട്ടിപ്രത്ത് സുരേഷ് ഗോപി അനുകൂല പ്രമേയം എതിരില്ലാതെ പാസായത് സംഘടനാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാനുള്ള നീക്കത്തിലാണ് കരയോഗങ്ങള്‍.
സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളോട് അകല്‍ച്ച പുലര്‍ത്തുന്ന സമീപനത്തില്‍ തെല്ലും അയവ് വേണ്ടെന്ന നേതൃത്വത്തിന്റെ സന്ദേശമാണ് കണ്ണന്താനത്തിനുള്ള അനുമതി നിഷേധത്തിലൂടെ എന്‍.എസ്.എസ് നല്‍കുന്നത്. കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആയതോടെ എന്‍.എസ്.എസ് നേതൃത്വവുമായുള്ള അകല്‍ച്ച കുറയ്ക്കാമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കും ഇതിനോടകം മങ്ങലേറ്റു.
പി.പി മുകുന്ദനോടും, പി.എസ് ശ്രീധരന്‍ പിള്ളയോടും മാത്രമാണ് എന്‍.എസ്.എസിന് അല്‍പ്പമെങ്കിലും അടുപ്പമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.എസ് ശ്രീധരന്‍ പിള്ളയോട് എന്‍.എസ്.എസ് മൃദു സമീപനം സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."