മജീദിനെ വിമര്‍ശിച്ച എം.എസ്.എഫ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; വേങ്ങരയിലേക്ക് മജീദില്ല: ആരെന്ന് ഇന്നറിയാം
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദില്ല. താന്‍ മത്സരിക്കാനില്ലെന്നും സംഘടനാ ചുമതലകളില്‍ തുടരാനാണ് ആഗ്രഹമെന്നും തങ്ങളെ അറിയിച്ചതായി കെ.പി.എ മജീദ് തന്നെയാണ് അറിയിച്ചത്. അതേസമയം, വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്നു പത്തു മണിക്ക് പാണക്കാട്ട് ചേരുന്ന യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
2016ല്‍ സി.പി.എമ്മിലെ അഡ്വ. പി.പി ബഷീറിനെ തോല്‍പിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയുടെ എം.എല്‍.എയായത്. അന്ന് 38,057 ആയിരുന്നു ഭൂരിപക്ഷം. ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലവും കൂടിയാണിത്. ലീഗിനു ഉറച്ച സീറ്റാണിത്. കാര്യമായി വെല്ലുവിളികളില്ലാതെ തന്നെ പാര്‍ട്ടിക്കു ഈ സ്വീറ്റു നിലനിര്‍ത്താനാവും.
കെ.പി.എ മജീദ് സ്ഥാനാര്‍ഥിയാവുന്നതിനെതിരേ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ മജീദിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എം.എസ്.എഫ് നേതാവ് എന്‍.എ കരീമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പി.പി ബഷീറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തുചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വേങ്ങരയില്‍ വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് വോട്ടുകള്‍ കൂടി എല്‍.ഡി.എഫിന് കിട്ടുമെന്നും പി.പി ബഷീര്‍ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് നവംബര്‍ പതിനൊന്നിനും വോട്ടെണ്ണല്‍ നവംബര്‍ 15നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."