വിവരക്കേടിന്റെ ഘോഷയാത്ര
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതോടെ വിവരക്കേടിന്റെ ഘോഷയാത്രയാണ് അദ്ദേഹത്തിന്റെ വായില്‍ നിന്നു വന്നു കൊണ്ടിരിക്കുന്നത് .സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഐ.എ.എസിലും ഉണ്ടാകാമെന്നതിന് അല്‍ഫോന്‍സ് കണ്ണന്താനം തന്നെയാണ് മികച്ച ഉദാഹരണം ഒരു സാധാരണ ബി.ജെ.പി പ്രവര്‍ത്തകന്റെ രാഷ്ട്രീയ ജ്ഞാനം പോലും ഈ ഐ.എ.എസ് പ്രതിഭക്ക് ഇല്ലാതെ പോയി.കേരള ബി.ജെ.പി നേതൃത്വത്തെ പാഠം പഠിപ്പിക്കുവാന്‍ എഴുന്നള്ളിച്ച ഈ കേന്ദ്രമന്ത്രി അവസാനം അമിത്ഷാക്കും നരേന്ദ്ര മോദിക്കും ബാധ്യതയാവുമെന്നത് സംശയിക്കേണ്ടതില്ല .ഇത്തരം പ്രതിഭകളെ രാഷ്ട്രീയത്തില്‍ എഴുന്നള്ളിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വലിയ ഗുണപാഠമുണ്ട്.പണ്ട് കെ.കരുണാകരന്‍ ഐ.എ.എസുകാരനായിരുന്ന എസ്.കൃഷ്ണ കുമാറിനെ കോണ്‍ഗ്രസില്‍ കൊണ്ടുവന്ന് കേന്ദ്രമന്ത്രിയാക്കിയിരുന്നു.
അദ്ദേഹം ഇന്നെവിടെയാണെന്ന് ഒരു പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിവുണ്ടായിരിക്കണമെന്നില്ല.അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ദിനേനയുള്ള അപക്വമായ പ്രസ്താവനകള്‍ കാണുമ്പോള്‍ അദ്ദേഹവും വിസ്മൃതനാകുന്ന കാലം ഏറെ അകലെയാവില്ല എന്ന് തോന്നിപ്പോകുന്നു.ഏറ്റവുമവസാനം അദ്ദേഹം നടത്തിയ അപക്വമായ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ വനവാസത്തിന് ആക്കം കൂട്ടിയേക്കാം. പെട്രോളും ഡീസലും ഉപയോഗിക്കുന്നവരെല്ലാം സമ്പന്നരാണെന്നും കാറോടിക്കുന്നവരൊന്നും പട്ടിണി കിടക്കുന്നവരല്ലെന്നും അതിനാല്‍ തന്നെ മന:പൂര്‍വ്വമാണ് ഇന്ധന വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ ശുദ്ധ അസംബന്ധം കേട്ടു കേരള ബിജെപി നേതൃത്വം ഉള്ളാലെ ആഹ്ലാദിക്കുന്നുണ്ടാകണം.
വെളുക്കാന്‍ തേച്ചത് പാണ്ഡായല്ലോ എന്ന് ദേശീയ നേതൃത്വം പരിതപിക്കുന്നുമുണ്ടാകണം. അഷ്ടിക്ക് വക തേടുന്ന മീന്‍പിടുത്തക്കാരും പാടത്ത് പണിയെടുക്കുന്ന കര്‍ഷകനും ഡീസല്‍ ഉപയോഗിക്കുന്നവരാണെന്ന സാമാന്യജ്ഞാനം പോലും ഈ കേന്ദ്രമന്ത്രിക്ക് ഇല്ലാതെ പോയി. കുതിച്ചുയരുന്ന ഇന്ധന വില സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയാണ് രൂക്ഷമായി ബാധിച്ചു കൊണ്ടിരിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ അത് അതീവ ഗുരുതരമായി ബാധിക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം അറിയാതെ പോയി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കേരളീയനായ മന്ത്രിക്ക് അറിയില്ലെന്നത് വിശ്വസിക്കാനാകില്ല.ഇന്ധന വില കുടുമ്പോള്‍ ചരക്ക് കൂലി വര്‍ധിക്കുമെന്നും അത് വഴി ഇപ്പോള്‍ തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാത്ത വിധം കുതിച്ചുയരുമെന്നും അറിയാന്‍ ഐ.എ.എസ് ബുദ്ധിയൊന്നും വേണ്ട.സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ത്ത് തരിപ്പണമാക്കി കൊണ്ടാണ് ഇന്ധന വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നത്.
ബീഫ് വിഷയത്തില്‍ അഭിപ്രായങ്ങള്‍ ഓരോ പ്രഭാതത്തിലും മാറ്റി പറഞ്ഞു ക്ഷീണം തീര്‍ക്കും മുമ്പാണ് ഇന്ധന വിലവര്‍ധനവിലെ വിവരക്കേടും അല്‍ഫോന്‍സ് കണ്ണന്താനം എഴുന്നള്ളിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ അദ്ദേഹം പ്രഖ്യാപിച്ചു ആര്‍ക്കും തിന്നാം ബീഫ് .ബി ജെ പി ദേശീയ നേതൃത്വം കണ്ണുരുട്ടിയപ്പോള്‍ തിരുത്തി. പിന്നീട്പറഞ്ഞു ടൂറിസ്റ്റുകള്‍ അവരവരുടെ നാട്ടില്‍ നിന്നു ബീഫ് കഴിച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതി.പിന്നീട് പറഞ്ഞു.കേരളത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബീഫ് കഴിക്കാം. ഒടുവില്‍ പറഞ്ഞത് അതെല്ലാം അപ്പച്ഛന്റെ ഒരു തമാശയായിരുന്നുവെന്ന ഹാസ്യാനുകരണത്തെ ഓര്‍മിപ്പിക്കുന്നതായി .ഇത്തരമൊരു തമാശക്കാരനെയാണ് ബി.ജെ.പി കേരള നേതൃത്വത്തെ ഭയപ്പെടുത്താന്‍ ദേശീയ നേതൃത്വം കണ്ടെത്തിയിരിക്കുന്നത് .പട്ടിയുടെ കഴുത്തില്‍ ഐ.എ.എസ് എന്ന് എഴുതി തൂക്കിയിടുന്നത് പോലെയെന്നൊരു പരാമര്‍ശം മുമ്പൊരിക്കല്‍ ഇന്നത്തെ ഗതാഗത മന്ത്രി ജി.സുധാകരന്‍ നടത്തിയത് ഓര്‍മ വരുന്നു.
അധഃസ്ഥിത വിഭാഗത്തിന്‍േറയും അടിസ്ഥാന വര്‍ഗത്തിന്റെയും ദുരിതങ്ങളും ജീവിത പ്രാരാബ്ധങ്ങളും അറിയണമെങ്കില്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം ഇതറിയാതെ പോയ പ്രവര്‍ത്തിച്ചുശീലമില്ലാത്ത ഐ.എ.എസ് എന്ന ലേബല്‍ മാത്രമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തെ സി.പി.എമ്മിലൂടെ രാഷ്ട്രീയത്തില്‍ കൊണ്ട് വന്നു അവസാനം ബി.ജെ.പിക്ക് ദാനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റായിപ്പോയി അത്. പ്രായശ്ചിത്വം ചെയ്യുന്നതിന് പകരം അദ്ദേഹത്തെ ഡല്‍ഹിയില്‍ ചെന്ന് കേരളാ ഹൗസില്‍ ഊട്ടിയത് അതിലും വലിയ തെറ്റ്. അല്‍ഫോന്‍സ് കണ്ണന്താനത്തെപോലുള്ള രാഷ്ട്രീയ മേച്ചില്‍പുറങ്ങള്‍ തേടുന്നവരെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ എത്ര വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."