കറുത്ത കുതിരകളാകാന്‍ 'പോരാളികളുടെ രാജാവ് '
ഘാന എന്ന വാക്കിന്റെ പൊരുള്‍ 'പോരാളികളുടെ രാജാവ് ' എന്നാണ് അര്‍ഥം. ബ്ലാക്ക് സ്റ്റാര്‍ലെറ്റ്‌സ് എന്ന വിളിപ്പേരുള്ള ഘാന കൗമാരത്തിന്റെ വിശ്വ പോരാട്ടത്തിന് യോഗ്യത നേടുന്നത് പത്താം തവണ. രണ്ടു തവണ അണ്ടര്‍ 17 ലോകകപ്പ് ചാംപ്യന്‍മാരായി. 1991 ലും 1995 ലും. 1993, 1997 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. 1999 ല്‍ മൂന്നാം സ്ഥാനക്കാര്‍. ലോകകപ്പില്‍ ഏറ്റവും ഒടുവില്‍ കളിച്ചത് 2007ല്‍. അന്ന് സെമി ഫൈനലില്‍ പുറത്തായി. പിന്നീട് ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല. ഇത്തവണ ആദ്യ ആഫ്രിക്കന്‍ ടീം ആയി തന്നെ ഘാന തിരിച്ചുവരവ് നടത്തി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ റണ്ണറാപ്പായാണ് ഇന്ത്യയിലേക്ക് വരുന്നത്. യോഗ്യത പോരാട്ടത്തില്‍ രണ്ടു പാദങ്ങളിലായി ബുര്‍ക്കിന ഫാസോയെ അട്ടിമറിച്ചു. 1995, 1999ലും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാംപ്യന്‍മാരായി. 2005, 2017 റണ്ണറപ്പും. ഇന്ത്യയും യു.എസ്.എയും കൊളംബിയയും ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് ഘാനയും.
ആക്രമണം കരുത്ത്
എതിരാളികളുടെ വല കുലുക്കാനുള്ള മികവ് തന്നെയാണ് ഘാനയുടെ ശക്തി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഒന്‍പത് ഗോളടിച്ചുകൂട്ടി മുന്‍നിരക്കാരായി. താരങ്ങളില്‍ ചിലര്‍ക്ക് പരുക്കില്‍ നിന്ന് മുക്തരാകാത്തത് ഘാനയെ വലയ്ക്കുന്നുണ്ട്. എങ്കിലും രണ്ട് തവണ ലോകകപ്പ് നേടിയ ഘാന കറുത്ത കുതിരകളായാല്‍ അത്ഭുതപ്പെടാനില്ല. നായകന്‍ എറിക് ഐയ തന്നെയാണ് ഘാനയുടെ ശ്രദ്ധേയ താരം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നാല് ഗോളടിച്ചു ടോപ് സ്‌കോറര്‍ പട്ടവും ചൂടിയാണ് എറിക് ഐയ ഇന്ത്യയിലേക്ക് എത്തുന്നത്.
മിടുക്കരെ ഒരുക്കുന്ന ഫേബിയന്‍
മുഖ്യപരിശീലകന്‍ പാ ക്വേസി ഫേബിയന്‍. 2011 മുതല്‍ ഘാനയുടെ പരിശീലകനായി തുടരുന്നു. മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തി കൊണ്ടു വരുന്നതില്‍ മിടുക്കനാണ് ഫേബിയന്‍. ആരെയും അട്ടിമറിക്കാന്‍ കഴിവുള്ള ടീമില്‍ പരുക്കേറ്റവര്‍ക്ക് പകരക്കാരായി മിടുക്കരെ തന്നെ ഒരുക്കുകയാണ് ഫേബിയാന്‍.
ത്രസിപ്പിക്കുന്ന പോരിനായി ഹിഗ്വിറ്റയുടെ പിന്മുറക്കാര്‍
ലോസ് കഫെറ്റെറോസ് എന്ന വിളിപ്പേരുള്ള കൊളംബിയ എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അണ്ടര്‍ 17 ലോകകപ്പിലേക്ക് എത്തുന്നത്. കാല്‍പന്തുകളിയില്‍ ത്രസിപ്പിക്കുന്ന താരങ്ങളായിരുന്ന റെനെ ഹിഗ്വിറ്റയെയും കാര്‍ലോസ് വാള്‍ഡറാമയെയും ഫോസ്റ്റിനൊ ആസ്പ്രിയെയും ലോകത്തിന് സമ്മാനിച്ച കൊളംബിയ. ലോകകപ്പിലെ സെല്‍ഫ് ഗോളിന്റെ പേരില്‍ വെടിയുണ്ടക്ക് ഇരയാക്കപ്പെട്ട ആന്ദ്രെ എസ്‌കോബാറിന്റെ നാട്. കൗമാര ലോകകപ്പില്‍ ആറാം തവണയാണ് പന്ത് തട്ടാന്‍ എത്തുന്നത്. 2003, 2009 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനത്ത് എത്തി. 2007 ല്‍ കെറിയന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍. 1989 ലും 1993 ലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇത്തവണ ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
കരുത്തായി മുന്നേറ്റനിര
മിന്നുന്ന ഫോമില്‍ കളിക്കുന്ന ആക്രമണ നിരയുടെ ഗോളടിക്കാനുള്ള കഴിവാണ് കരുത്ത്. അതിവേഗ നീക്കങ്ങളാണ് കൊളംബിയന്‍ ഫുട്‌ബോളിന്റെ ശൈലി. തകര്‍ച്ചയുടെ വക്കില്‍ നിന്ന് തിരിച്ചടിക്കാനുള്ള കഴിവ് കൊളംബിയയെ ശ്രദ്ധേയരാക്കുന്നു. എങ്കിലും വമ്പന്‍ ടീമുകള്‍ക്ക് മുന്നില്‍ പതറുന്നതും സ്ഥിരം കാഴ്ചയാണ്. മധ്യനിരയിലെ മിന്നും താരം യാദിര്‍ മെനെസസിലാണ് പ്രതീക്ഷ. കൊളംബിയയുടെ ദേശീയ താരം ജെയിംസ് റോഡ്രിഗസിന്റെ പിന്‍ഗാമി എന്ന വിശേഷണവുമായാണ് യാദിര്‍ മെനെസസ് ഇന്ത്യയിലേക്ക് എത്തുന്നത്. സാന്റിയാഗോ, ജുവാന്‍ പെനലോസ, ജാമിന്റന്‍ കാംപസ് എന്നിവര്‍ ആക്രമണത്തിന്റെ കുന്തമുനകളാണ്.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാത്ത ഒര്‍ലാന്‍ഡോ
മുഖ്യപരിശീലകന്‍ ഒര്‍ലാന്‍ഡോ റെസ്‌ട്രെപോ. അദ്ദേഹത്തിന്റെ പ്രത്യേക ഇതുവരെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിട്ടില്ലെന്നതാണ്. റെസ്‌ട്രെപോ സ്വയം വിശേഷിപ്പിക്കുന്നത് താന്‍ ആയുഷ്‌കാല ഫുട്‌ബോള്‍ വിദ്യാര്‍ഥിയെന്നാണ്. യൂത്ത് ടീമുകളെ പരിശീലിപ്പിക്കുന്നതില്‍ മിടുമിടുക്കനായ റെസ്‌ട്രെപോ 2016 ലാണ് മുഖ്യപരിശീലകനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."