ഫിഫക്ക് കൊച്ചി സ്റ്റേഡിയം കൈമാറുന്നത് വൈകും
കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഇന്ന് ഫിഫക്ക് കൈമാറില്ല. സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിധി വന്ന ശേഷം മാത്രമേ സ്റ്റേഡിയം കൈമാറു. ഫിഫ, ജി.സി.ഡി.എ, പ്രാദേശിക സംഘടാക സമിതി സംയുക്തമായാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കടയുടമകള്‍ നല്കിയ ഹരജിയില്‍ ഹൈക്കോടതി വിധി വന്ന ശേഷം സ്റ്റേഡിയം കൈമാറുന്ന തിയതി തീരുമാനിക്കും. 22നകം സ്റ്റേഡിയം കൈമാറിയേക്കും.
പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും 21നകം കൈമാറണമെന്നാണ് ഫിഫ നിര്‍ദേശിച്ചിരുന്നത്. സ്റ്റേഡിയം ഇന്ന് കൈമാറുമെന്നാണ് ഫിഫയെ അറിയിച്ചിരുന്നത്. സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫയും ജി.സി.ഡി.എയും തമ്മിലുണ്ടാക്കിയ കരാറില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കടകള്‍ ഒഴിയാന്‍ ജി.സി.ഡി.എ നോട്ടിസ് നല്‍കിയതോടെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ കൊച്ചിയിലെ മത്സരങ്ങള്‍ നടത്തില്ലെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ അറിയിച്ചിരുന്നു.
ഹൈക്കോടതിയില്‍ കടയുടമകള്‍ നല്കിയ ഹരജിയില്‍ ഇന്ന് കോടതി വിധി പറയും. സ്റ്റേഡിയത്തിലെ കടമുറികള്‍ ഒഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തിനായി നിശ്ചിത തുക നല്‍കുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിച്ച് തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."