ജെ.ഡി.യു പിളര്‍പ്പ് പൂര്‍ണം: ഛോട്ടുഭായി വസവ വിമത വിഭാഗം അധ്യക്ഷന്‍
ന്യൂഡല്‍ഹി: ശരത് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടെ ജെ.ഡി.യുവിലെ പിളര്‍പ്പ് പൂര്‍ണമായി.
ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഗുജറാത്ത് എം.എല്‍.എ ഛോട്ടുഭായി വസവയെ ആക്ടിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം പട്‌നയില്‍ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട അച്ചടക്ക നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തീരുമാനങ്ങളും റദ്ദാക്കിയതിനൊപ്പം നിതീഷിനെതിരേ അച്ചടക്ക നടപടിക്കും യോഗം ശുപാര്‍ശ ചെയ്തു. ദേശീയ കൗണ്‍സില്‍ യോഗം അടുത്ത മാസം എട്ടിന് ഡല്‍ഹിയില്‍ ചേരും.
വൈസ് പ്രസിഡന്റ് രാജശേഖറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗതീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ വിശദീകരിച്ചു. നിലവില്‍ സംഘടനാ തെരഞ്ഞെടുപ്പിന് ചുമതലപ്പെടുത്തിയ വരണാധികാരി അനില്‍ ഹെഗ്‌ഡേ, നിതീഷ് പക്ഷത്തായതിനാല്‍ അദ്ദേഹത്തിനു കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നും ഡിസംബര്‍ ഒന്നിന് തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന തരത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും യോഗം തീരുമാനിച്ചു.
പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍, ഔദ്യോഗിക പേര്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയ്ക്കായി തുടര്‍നടപടികളും അടുത്തമാസം നടക്കുന്ന കൗണ്‍സില്‍ യോഗം എന്നിവയും യോഗം ചര്‍ച്ച ചെയ്തു. കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്ന് ഏഴ് നിര്‍വാഹക സമിതി അംഗങ്ങളാണ് ഉള്ളതെങ്കിലും സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍, വി. സുരേന്ദ്രന്‍പിള്ള, എം.വി ശ്രേയംസ്‌കുമാര്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല.
യോഗത്തിന് മുന്‍പായി കേരളത്തില്‍ നിന്നുള്ള നേതാക്കളായ വറുഗീസ് ജോര്‍ജ്, ഷെയ്ഖ് പി. ഹാരിസ്, ചാരുപാറ രവി, കെ.പി മോഹനന്‍ എന്നിവര്‍ ശരത് യാദവുമായി സംസ്ഥാനത്തെ സംഘടന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ മുന്നണി മാറ്റം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിച്ച ശേഷമേ ചര്‍ച്ചചെയ്യുകയുള്ളുവെന്ന് വറുഗീസ് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."